കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി

കേളകം:ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലെ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആയിരത്തിലധികം കർഷകരുടെ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുകയും, നിവേദനത്തിന്റെ കോപ്പി പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറുകയും ചെയ്തു. ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യം എന്നീ വിഷയങ്ങളിലാണ് ഒപ്പ് ശേഖരണം നടത്തുകയും നിവേദനം കൈമാറുകയും ചെയ്തത്. ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശം കേളകം പഞ്ചായത്തിൽ നിലനിർത്തുക, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ആന പ്രതിരോധ മതിലിന്റെ ഉയരവും ദൈർഘ്യവും വർദ്ധിപ്പിക്കുക, അതുവരേക്കും ഹാങ്ങിങ് ഫെൻസിങ് ഏർപ്പെടുത്തുക എന്നീ വിഷയങ്ങളാണ് നിവേദനത്തിൽ ഉള്ളത്. ജനകീയ കമ്മിറ്റി ചെയർമാൻ ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റത്തിന്റെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ജനകീയ കമ്മിറ്റി കൺവീനർ കബീർ പുത്തൻപുരയ്ക്കൽ, കോഡിനേറ്റർ ഗ്രേസൺ ഉള്ളാഹയിൽ, ടോമി സി കെ ചാത്തൻപാറ, ബെന്നി മണിമലകരോട്ട്, പ്രവീൺ താഴത്തെമുറിയിൽ എന്നിവർ സന്നിഹിതരായിരുന്നു.




