സോളാർ പാനൽ സ്ഥാപിക്കുന്നതിൽ വൻ ക്രമക്കേട്; റിപ്പോർട്ടർ പരമ്പര ഏറ്റെടുത്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ അനെർട്ട് സോളാർ പാനൽ സ്ഥാപിക്കുന്നതിൽ ക്രമക്കേട് നടത്തിയെന്ന റിപ്പോർട്ടർ വാർത്ത ഏറ്റെടുത്ത് രമേശ് ചെന്നിത്തല. സ്മാർട്ട് സിറ്റി, പിഎം കുസും, അട്ടപ്പാടിയിൽ പ്ലാൻറ് സ്ഥാപിച്ച പദ്ധതി എന്നിവയിൽ വൻ ക്രമക്കേട് നടന്നെന്നാണ് ആരോപണം. നിയമസഭാ രേഖകൾ സഹിതമുള്ള തെളിവുകൾ പുറത്തുവന്നിട്ടും അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി അതേസ്ഥാനത്ത് തുടരുകയാണ്. സിഇഒക്ക് എതിരെ നടപടിയെടുത്തില്ല. മന്ത്രി കെ കൃഷ്ണൻകുട്ടി പ്രഖ്യാപിച്ച അന്വേഷണവും എങ്ങുമെത്തിയില്ല. എല്ലാം വകുപ്പ് മന്ത്രി അറിഞ്ഞിട്ടാണെന്നും ചെന്നിത്തല ആരോപിക്കുന്നു. അനെർട്ടിനെ ഒന്ന് ഇളക്കിമറിച്ചാൽ ആയിരം കോടിയുടെ അഴിമതി പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
സ്മാർട്ട് സിറ്റി സോളാർ പ്ലാന്റ് സ്ഥാപിച്ചതിലുൾപ്പെടെ വലിയ ക്രമക്കേടാണ് നടന്നതെന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. എല്ലാ ഫയലുകളും പർച്ചേസ് മാനേജരെയും ഫിനാൻസ് മാനേജരെയും നോക്കുകുത്തിയാക്കിക്കൊണ്ട് കൈകാര്യം ചെയ്തത് വെറും 89 ദിവസം മാത്രമുണ്ടായിരുന്ന താത്ക്കാലിക ജീവനക്കാരാണ് എന്നും കണ്ടെത്തിയിരുന്നു.




