ഇലകരിച്ചിലിനു കാരണമായ ബാക്ടീരിയ വ്യാപനം, പാടശേഖരങ്ങളില്‍ കരിഞ്ചാഴി; ജാഗ്രത വേണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ: പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം. വിതച്ച് 25 ദിവസം വരെയായ രണ്ടാം നെല്‍ കൃഷി പാടശേഖരങ്ങളിലാണ് നീരൂറ്റിക്കുടിക്കുന്ന ഈ കീടത്തിന്റെ സാന്നിധ്യമുള്ളത്. കൃഷി നാശമുണ്ടാക്കുന്ന ഇവക്കെതിരെ ജാഗ്രതവേണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
വെള്ളം കയറ്റിയിട്ടിരിക്കുന്ന നിലങ്ങളില്‍ ഇലകളിലാണ് ഇത്തരം ചാഴികള്‍ കയറിയിരിക്കുക. അല്ലെങ്കില്‍ മണ്ണിലും ചെടികളുടെ ചുവടുഭാഗത്തുമായിരിക്കും കീടസാന്നിധ്യം കാണുക. നീരൂറ്റിക്കുടിക്കുന്ന ഈ കീടം ഇലകളിലും നടുനാമ്പിലും മുറിവുകള്‍ ഉണ്ടാക്കുകയും ഈ ഭാഗം വച്ച് ഇലകള്‍ മുറിഞ്ഞു പോവുകയോ നടുനാമ്പ് വാടിപ്പോവുകയോ ചെയ്യും. കരിഞ്ചാഴി ഉണ്ടാക്കുന്ന മുറിവുകളിലൂടെ ഇലകരിച്ചിലിനു കാരണമായ ബാക്ടീരിയയുടെ വ്യാപനം ഉണ്ടാകാനും സാധ്യതയുണ്ട്. ആക്രമണം കൂടുതലാകുന്ന സാഹചര്യത്തില്‍ ചെടികളില്‍ വളര്‍ച്ച മുരടിപ്പ്, മഞ്ഞളിപ്പ്, നടുനാമ്പുവാട്ടം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം.




