ഗാസയിൽ ജനക്കൂട്ടത്തിനുനേരെയുള്ള ആക്രമണം അബദ്ധം സംഭവിച്ചതെന്ന് ഇസ്രയേൽ; ചര്‍ച്ചകളിൽ അടുത്തയാഴ്ചയോടെ പുരോഗതിയുണ്ടാകുമെന്ന് ട്രംപ്

ഗാസ: ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണം സാങ്കേതിക തകരാറിനെ തുടര്‍ന്നാണെന്ന് ഇസ്രയേൽ. ആക്രമണത്തിൽ കുട്ടികളടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രായേലിന്‍റെ ഏകപക്ഷീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ജനക്കൂട്ടത്തിനുനേരെ ആക്രമണം ഉണ്ടായത്.
സൈനിക, ഹമാസ് കേന്ദ്രങ്ങള്‍ക്കു പുറമെ സാധാരണക്കാര്‍ക്കെതിരേയും ഇസ്രായേല്‍ ഇന്നും ആക്രമണം നടത്തി. മധ്യ ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയവര്‍ക്കു നേരെ ഡ്രോണ്‍ മുഖേന മിസൈല്‍ ആക്രമണം നടത്തി. ആറു കുട്ടികള്‍ ഉള്‍പ്പെടെ 10പേര്‍ തത്ക്ഷണം മരിച്ചു. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. അല്‍ നുസ്റേത്ത് അഭയാര്‍ത്ഥി ക്യാംപിനു സമീപത്തായിരുന്നു ആക്രമണം. അതേസമയം, സാധാരണക്കാര്‍ക്കു നേരെയുളള ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.
ഭീകരര്‍ക്ക് നേരെ പ്രയോഗിച്ച മിസൈല്‍ സാങ്കേതിക തകരാറുകളാല്‍ ലക്ഷ്യം തെറ്റി ജനവാസ മേഖലയില്‍ പതിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും ഇസ്രായേല്‍ സേന വിശദീകരിച്ചു. ആക്രമണത്തില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചു. ഞായറാഴ്ച നടന്ന ഇസ്രായേല്‍ ആക്രമണത്തിലാകെ 19 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസാ സിവില്‍ ഡിഫെന്‍സ് ഏജന്‍സി അറിയിച്ചു.




