Uncategorized

ഒടുവില്‍ കിരീടപ്പോരില്‍ കാലിടറി അല്‍കാരസ്, വിംബിള്‍ഡണില്‍ മുത്തമിട്ട് സിന്നര്‍

ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി ഇറ്റലിയുടെ യാനിക് സിന്നർ. സ്പാനിഷ് താരവും നിലവിലെ ചാമ്പ്യനുമായിരുന്ന കാർലോസ് അൽകാരസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരമായ സിന്നര്‍ കന്നി വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 4-6, 6-4, 6-4, 6-4. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റലിയുടെ ആദ്യ പുരുഷ താരമെന്ന റെക്കോർഡും സിന്നർ സ്വന്തമാക്കി. ഗ്രാൻസ്ലാം ഫൈനലിൽ കാർലോസ് അൽകാരിസിന്‍റെ ആദ്യ തോൽവിയാണിത്.

ഹാട്രിക് കിരീടം മോഹിച്ചെത്തിയ കാർലോസ് അൽകാരസ് ഒറ്റ സെറ്റുപോലും നഷ്ടപ്പെടുത്താതെ ഫൈനലിന് ഇറങ്ങിയ യാനിക് സിന്നറിനെതിരെ ആദ്യ സെറ്റ് നേടിയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ലോക ഒന്നാം നമ്പർ താരത്തിന്‍റെ പകിട്ടിനൊത്തുയര്‍ന്ന സിന്നര്‍ രണ്ടാം സെറ്റില്‍ തുടക്കത്തിലെ അല്‍കാരസിനെ ബ്രേക്ക് ചെയ്ത് മുന്നിലെത്തി. പിന്നീട് ആധിപത്യം നഷ്ടമാകാതെ സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു.

പിന്നീട് നിര്‍ണായക ബ്രേക്ക് പോയന്‍റുകള്‍ നേടിയും നീണ്ട റാലികള്‍ ജയിച്ചും പിഴവുകള്‍ മുതലെടുത്തും സിന്നിര്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചതോടെ വിംബിള്‍ഡണില്‍ ഹാട്രിക് കിരീടമെന്ന അല്‍കാരസിന്‍റെ മോഹങ്ങള്‍ സെന്‍റര്‍ കോര്‍ട്ടില്‍ വീണുടഞ്ഞു. തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ നേടി സിന്നര്‍ കിരീടത്തില്‍ മുത്തമിട്ടു. സിന്നറുടെ കരിയറിലെ നാലാം ഗ്രാൻസ്ലാം കിരീടമാണിത്.

അൽകാരസിന് മുന്നിൽ ഫ്രഞ്ച് ഓപ്പൺ കിരീടം കൈയകലെ നഷ്ടമായതിനുള്ള സിന്നറിന്‍റെ ഇത് മധുരപ്രതികാരം കൂടിയായി വിംബിള്‍‍ണ്‍ വിജയം. ഏഴ് തവണ ചാമ്പ്യനായ നൊവാക് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു സിന്നർ ഫൈനലിലെത്തിയത്.സെമിയിൽ ടൈലർ ഫ്രിറ്റ്സിനെ തോൽപിച്ചായിരുന്നു അല്‍കാരസ് ഫൈനലിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button