വീട് എവിടെ? ലീഗ് വാങ്ങിയത് നിയമ പ്രശ്നമുളള ഭൂമി, ഭൂമി കണ്ടെത്താതെ യൂത്ത് കോണ്‍ഗ്രസ്, എത്ര പിരിച്ചെന്ന് പറയാതെ കോണ്‍ഗ്രസ്

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്‍റെ ഒന്നാം വാർഷികത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോഴും ദുരന്ത ബാധിതര്‍ക്കായി വീടുകൾ നിർമിക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാതെ കോൺഗ്രസും മുസ്‍ലിം ലീഗും. ഭവന നിർമ്മാണത്തിനായി ലീഗ് വാങ്ങിയത് നിയമ പ്രശ്നമുളള ഭൂമിയാണെങ്കില്‍ ഇതുവരെ ഭൂമി പോലും കണ്ടെത്താൻ കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല. പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സര്‍ക്കാരിന്‍റെ ടൗണ്‍ഷിപ്പ് പദ്ധതി വേണ്ടെന്നു വച്ച കുടുംബങ്ങളാകട്ടെ കാത്തിരിപ്പിലുമാണ്.
ഒറ്റ രാത്രികൊണ്ട് നാനൂറിലധികം വീടുകളെയും അത്രത്തോളം തന്നെ മനുഷ്യരെയും തുടച്ചുനീക്കിയ അത്യസാധാരണമായ ദുരന്തം. കേരളം അന്നോളം കണ്ടിട്ടില്ലാത്ത ദുരന്ത കാഴ്ചകളിൽ നടുങ്ങി നിന്ന ഒരു നാടിനെ കൈപിടിച്ച് കയറ്റാൻ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരും ഒരുമിക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകൾ. ആ ദുരന്തത്തിന്റെ ഒന്നാം വാർഷികമാകുമ്പോൾ സർക്കാർ നേതൃത്വത്തിലുള്ള ടൗൺഷിപ്പ് നിർമ്മാണം കൽപ്പറ്റയിലെ എസ്റ്റേറ്റിൽ പുരോഗമിക്കുന്നു. ഇതിനോടകം ദുരന്തബാധിതരായ ഇരുപതോളം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ സന്നദ്ധ സംഘടനകൾക്ക് കഴിയുകയും ചെയ്തു. എന്നാൽ സ്വന്തം നിലയിൽ വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ, യുവജന സംഘടനകളുടെ പ്രഖ്യാപനം എത്രകണ്ട് യാഥാർത്ഥ്യമായി?
ദുരന്തബാധിതര്‍ക്ക് 25 വീടുകള്‍ ഡിവൈഎഫ്ഐ പ്രഖ്യാപിച്ചപ്പോള്‍ 30 വീടുകള്‍ നൽകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 100 വീതം വീടുകള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രഖ്യാപിച്ചു. സർക്കാർ ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിക്കുകയും സംഘടനകൾ സമാഹരിച്ച് തുക സർക്കാരിന് കൈമാറി ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമാകാം എന്നും അറിയിച്ചതോടെ 100 വീടുകൾ നിർമ്മിക്കാൻ ആവശ്യമായ 20 കോടി രൂപ നൽകി ഡിവൈഎഫ്ഐ സർക്കാരിനൊപ്പം നിന്നു.




