ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ മലയാളി തിളക്കം; മാളവികയ്ക്ക് ഇത് സ്വപ്നക്കുപ്പായം

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന എ.എഫ്.സി.ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ ഫൈനൽ റൗണ്ടിന് ഇന്ത്യ യോഗ്യത നേടിയപ്പോൾ ടീമിൽ കളിക്കാരിയായി പി. മാളവികയും അസി.കോച്ചായി പി.വി. പ്രിയയും കേരളത്തിന്റെ പ്രതിനിധികളായുണ്ടായിരുന്നു. കാൽ നൂറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ ഒരു മലയാളി താരം സ്ഥാനം കണ്ടെത്തിയത്. 1999 നവംബറിൽ ഫിലിപ്പീൻസിൽ നടന്ന പന്ത്രണ്ടാമത് ഏഷ്യൻ വിമൻസ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ബെന്റ്ല ഡിക്കോത്തയാണ് ഇതിനു മുമ്പ് അവസാനമായി ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിലെത്തിയ കേരള താരം. പിന്നീട് ഫിഫ റഫറിയായി മാറിയ ബെന്റ്ല 1998 ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു.
പക്ഷേ, വനിതാ ഫുട്ബോളിൽ മലയാളി താരങ്ങൾക്ക് തിളക്കമാർന്നൊരു ചരിത്രമുണ്ട്. ഒപ്പം സീനിയർ ടീമിൽ മലയാളി പ്രാതിനിധ്യമില്ലായിരുന്ന കാൽ നൂറ്റാണ്ടിൽ ജൂനിയർ തലത്തിൽ മലയാളികൾ ഇന്ത്യക്ക് കളിച്ചിരുന്നു താനും. മാളവികയ്ക്കു മുമ്പ്, ഇന്ത്യൻ ഫുട്സാൽ (futsal) ടീമിൽ കളിച്ച കേരള താരം അൽഫോൻസിയയെയും വിസ്മരിക്കാനാവില്ല.ചൈനീസ് തായ്പേയിൽ 1981ൽ നടന്ന രണ്ടാമത് ഇൻവിറ്റേഷൻ വനിതാ ലോക കപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമിൻ്റെ മുന്നേറ്റ നിരയിൽ ഒരു മലയാളി താരമുണ്ടായിരുന്നു. സരസമ്മ ലളിത. നേരത്തെ 1979-80 ൽ കോഴിക്കോട്ടും 1980-81 ൽ ഹോങ്കോങ്ങിലും നടന്ന ഏഷ്യൻ കപ്പിൽ ലളിത കളിച്ചു. കോഴിക്കോട് ഏഷ്യൻ കപ്പിൻ്റെ ഇന്ത്യൻ ക്യാംപിൽ ബി.മേരിയും ട്രീസ മാർഗരറ്റും ഉണ്ടായിരുന്നു. പിന്നീട് ജി. അയോണ 1983-84 ൽ തായ്ലൻഡിൽ ഏഷ്യൻ കപ്പിൽ ഇന്ത്യൻ കുപ്പായമിട്ടു. ഉഷയും സജിതയുമൊക്കെ സുബ്രതോ കപ്പിൽ വിദേശത്തു കളിച്ചവരാണ്.



