ഉരുൾപൊട്ടൽ അതിജീവിതർക്കുള്ള തിരിച്ചറിയൽ കാർഡ് ആദ്യദിനം 89 കുടുംബങ്ങൾ വിവരംനൽകി

കൽപ്പറ്റ മുണ്ടക്കൈ ഉരുൾ ദുരന്തബാധിത കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാനുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിനായി എൻറോൾമെൻ്റ് ക്യാമ്പ് ആരംഭിച്ചു. വെള്ളിയാഴ്ച 89 കുടുംബങ്ങൾ കലക്ടറേറ്റിൽ ക്യാമ്പിനെത്തി വിവരങ്ങൾ കൈമാറി. പുനരധിവാസത്തിനായി തയ്യാറാക്കിയ ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടികയിലുള്ള 402 കുടുംബങ്ങൾക്കാണ് ആദ്യഘട്ട കാർഡ് വിതരണം. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ അപ്പീൽ നൽകിയവരുടെ പട്ടിക പുറത്തുവരുമ്പോൾ രണ്ടാംഘട്ടമായി ക്യാമ്പ് നടത്തും. 25നുള്ളിൽ തിരിച്ചറിയൽ കാർഡ് വിതരണം പൂർത്തിയാക്കുമെന്ന് കലക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു. ഉരുൾ അതിജീവിതരുടെ വ്യക്തിഗത രേഖകളുടെ ശേഖരണവും പരിശോധനയുമാണ് ക്യാമ്പിൽ നടക്കുന്നത്. 13വരെ ക്യാമ്പിൽ എത്തി വിവരങ്ങൾ കൈമാറാം. തിരിച്ചറിയൽ കാർഡിൽ ജില്ലാ ഭരണ സംവിധാനത്തിന്റെ സാക്ഷ്യപ്പെടുത്തൽ, ക്യുആർ കോഡ്, കുടുംബാംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തും. ഒരുകുടുംബത്തിന് ഒരുകാർഡാണ് നൽകുക. കലക്ടറേറ്റ് എ പി ജെ ഹാളിൽ പത്തോളം അക്ഷയ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയാണ് ക്യാമ്പ് പുരോഗമിക്കുന്നത്. മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിനിധീകരിച്ച് ഗുണഭോക്താക്കളിൽ ഒരാൾ എന്ന നിലയിലാണ് ക്യാമ്പിൽ രജിസ്ട്രേഷനായി എത്തേണ്ടത്. ക്യാമ്പിൽ പങ്കെടുക്കാൻ ഗുണഭോക്താക്കൾക്ക് സമയക്രമം നൽകിയിട്ടുണ്ട്. പങ്കെടുക്കേണ്ട സമയം www.wayanad.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04936 202251.




