Uncategorized

പിതാവിന്റെ മരണം, വിഷാദം; കോർട്ടില്‍ വെല്ലുവിളികളുടെ കയം താണ്ടിയ അമാൻഡ അനിസിമോവ

വിഷാദത്തിന്റെ വരികള്‍ അവള്‍ എഴുതിയ നിമിഷത്തില്‍ നിന്ന് 767 ദിവസങ്ങള്‍ക്ക് ശേഷം വിംബിള്‍ഡണിലെ ഒരു വ്യാഴാഴ്ച. ടെന്നീസിന്റെ വിശുദ്ധഭൂമിയിലെ സെന്റര്‍ കോര്‍ട്ടില്‍ അര്യാന സബലങ്കയുടെ മനോവീര്യത്തേയും കളിമികവിനേയും മറികടന്ന രണ്ട് മണിക്കൂറും 37 മിനുറ്റും. തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിന് യോഗ്യതനേടി അമേരിക്കൻ താരം അമാൻഡ അനിസിമോവ ഇങ്ങനെ പറഞ്ഞു, ഇത് യാഥാര്‍ത്ഥ്യമാണെന്ന് തോന്നുന്നില്ല, ‍ഫൈനല്‍ പ്രവേശനം വിവരണങ്ങള്‍ക്ക് അതീതമായി തോന്നുന്നു.

ജീവിതത്തിലും കോര്‍ട്ടിലും ഒരുപാട് അണ്‍ഫോസ്‌ഡ് എററുകള്‍ക്കൊണ്ട് നഷ്ടമായതെല്ലാം തന്നെ തേടിയെത്തുന്നതിന്റെ ആത്മവിശ്വാസം സെന്റര്‍ കോര്‍ട്ടിലെ കാണികളുടെ ആദരം ഏറ്റുവാങ്ങുമ്പോള്‍ അനിസിമോവയുടെ മുഖത്തുണ്ടായിരുന്നു. ജീവിതത്തിലെ തിരിച്ചടികളേയും വെല്ലുവിളികളേയും തോല്‍പ്പിച്ച കഥകളിലെ മറ്റൊരു അധ്യായമാണ് അനിസിമോവ.

2019ലെ യുഎസ് ഓപ്പണിനുള്ള തയാറെടുപ്പിലായിരുന്നു കൗമാരതാരമായിരുന്ന അനിസിമോവ, തന്റെ പതിനെട്ടാം ജന്മദിനത്തിലേക്ക് ഇനി ഒരുവാരം മാത്രം ബാക്കി. ജൂനിയര്‍ വിഭാഗം യുഎസ് ഓപ്പണില്‍ ഇന്നത്തെ ലോക രണ്ടാം നമ്പര്‍ താരം കോക്കൊ ഗോഫിനെ കീഴടക്കി കിരീടം ചൂടിയവള്‍. അവളില്‍ ടെന്നീസ് ലോകത്തിനാകെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അപ്പോഴാണ് അനിസിമോവയെ തേടി ആ വാര്‍ത്ത എത്തുന്നത്. തന്റെ പിതാവും മുഖ്യപരിശീലകനുമായിരുന്ന കോണ്‍സ്റ്റാന്റിൻ അനിസിമോവ ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു…

തന്റെ ജീവിതത്തിലേയും ടെന്നീസ് കരിയറിലേയും വഴികാട്ടിയെ അവിടെ നഷ്ടമാകുകയായിരുന്നു അനിസിമോവയ്ക്ക്. മടക്കം എളുപ്പമായിരുന്നില്ല, പക്ഷേ തയാറായി, കാരണം കോണ്‍സ്റ്റാന്റിന് ഇഷ്ടം കളത്തിലെ അനിസിമോവയെ ആയിരുന്നു. കോര്‍ട്ടിലേക്ക് എത്തിയ ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ അസ്വസ്ഥയാണോയെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ വിതുമ്പുകയായിരുന്നു അനിസിമോവ. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ആഘാതമെന്നവള്‍ പറഞ്ഞുവെച്ചു.

അവളിലെ ടെന്നീസ് ലോകത്തിന്റെ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുന്നതായിരുന്നു പിന്നീട് കോര്‍ട്ടുകള്‍ കണ്ടത്. പിതാവിന്റെ വിടവ് മറികടക്കാനാകാത്ത നാളുകള്‍. 2019 ഫ്രഞ്ച് ഓപ്പണ്‍ സെമി പ്രവേശനം മാറ്റി നിര്‍ത്തിയാല്‍ ഗ്രാൻഡ് സ്ലാമുകളില്‍ നാലാം റൗണ്ടിനപ്പുറം താണ്ടാനായിട്ടില്ല അനിസിമോവയ്ക്ക്.

2023 മേയ് അഞ്ചിനാണ് അനിസിമോവയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ ആ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ടെന്നീസ് കോര്‍ട്ടില്‍ കിടക്കുന്ന അനിസിമോവയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു അത്. കീഴിലുണ്ടായിരുന്ന, അല്‍പ്പം നീണ്ട കുറിപ്പിലെ പ്രധാന വരികള്‍ ഇതായിരുന്നു. 2022 മുതല്‍ മാനസികാരോഗ്യ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ് ഞാൻ. ടെന്നീസ് ടൂര്‍ണമെന്റുകളുല്‍ പ്രത്യക്ഷപ്പെടുക എന്നത് അസഹനീയമായി മാറിയിരിക്കുന്നു. ഞാൻ ഇടവേളയെടുക്കുകയാണ്…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button