Uncategorized

സൗബിന്‍ ഷാഹിറിന് ജാമ്യം നല്‍കിയ നടപടി; സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി പരാതിക്കാരന്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി പരാതിക്കാരന്‍. സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അരൂര്‍ സ്വദേശി സിറാജ് വലിയതുറയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം നടന്‍ സൗബിന്‍ ഷാഹിറിനെ അറസ്റ്റ് ചെയ്തു എന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍ താരത്തിനെ അറസ്റ്റ് ചെയ്തില്ല എന്നും ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കണക്കുകള്‍ പൊലീസിനെ ബോധിപ്പിച്ചുവെന്ന് സൗബിനും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തെറ്റിദ്ധാരണ മൂലമുണ്ടായ കേസാണെന്നും തന്ന മുതല്‍ മടക്കി നല്‍കിയിരുന്നുവെന്നും ലാഭവിഹിതം സംബന്ധിച്ച തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നതെന്നും നടന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കളുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button