‘എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം, മറ്റ് നിക്ഷിപ്ത താൽപര്യമില്ല’; കീമിൽ ആർ ബിന്ദു

തിരുവനന്തപുരം: കീം ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കോടതി വിധി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. വിധി പകർപ്പ് ലഭിച്ചതിന് ശേഷം മന്ത്രിസഭയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നമ്മുടെ എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന ഫോര്‍മുലയാണ് അവലംബിച്ചത്. കഴിഞ്ഞ വര്‍ഷം 35 മാര്‍ക്കിന്റെ വ്യത്യാസം വരുന്ന രീതിയിലായിരുന്നു ഏകീകരണ പ്രോസസ്. കേരള സിലബസില്‍ പഠിക്കുന്ന ഒരു കുട്ടി ഫുള്‍ മാര്‍ക്ക് നേടിയാലും 35 മാര്‍ക്ക് അവര്‍ക്ക് കുറവ് കിട്ടുന്ന സ്ഥിതിയായിരുന്നു മുന്‍വര്‍ഷം. അത് അടിസ്ഥാനമാക്കിയാണ് എല്ലാവര്ക്കും നീതി ഉറപ്പാക്കാവുന്ന ഫോര്‍മുലയിലെത്തിയത്’ മന്ത്രി പറഞ്ഞു.
മന്ത്രിസഭ അംഗീകരിച്ചതിന് ശേഷമാണ് കീമിലെ മാറ്റങ്ങള്‍ നടപ്പാക്കിയതെന്നും അതുകൊണ്ട് കോടതിയില്‍ നിന്ന് ലഭ്യമായ വിധി മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കോടതിയില്‍ ഇനിയും പോകണ്ട കാര്യമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ബിന്ദു പറഞ്ഞു.




