ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി ഇറാന്‍ പ്രസിഡൻ്റ്

തെഹ്‌റാന്‍: ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഒരു യോഗത്തിനിടയില്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ ശ്രമിച്ചെന്നും പരാജയപ്പെട്ടെന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന കാള്‍സണിന്റെ ചോദ്യത്തിനായിരുന്നു പെസഷ്‌കിയാന്റെ മറുപടി. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.
എന്റെ വധശ്രമത്തിന് പിന്നില്‍ അമേരിക്കയല്ല. അത് ഇസ്രയേലാണ്. ഞാനൊരു യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ആ സ്ഥലത്ത് അവര്‍ ബോംബാക്രമണം നടത്താന്‍ ശ്രമിച്ചു’, അദ്ദേഹം പറഞ്ഞു. എന്നാല്‍ 12 ദിവസം നീണ്ടുനിന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിലാണോ വധശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. തങ്ങളല്ല ഈ യുദ്ധം ആരംഭിച്ചതെന്നും ഏതെങ്കിലും വിധേന യുദ്ധം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.




