‘ആ ചെകുത്താൻ പുറത്തുവന്നാൽ….?’ ഭയത്തിൽ നിയമ വിദ്യാർത്ഥിനി; പൊലീസ് സുരക്ഷയിൽ അടച്ചിട്ടിരുന്ന കോളേജ് തുറന്നു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട ലോ കോളേജ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് നിലവില്‍ കോളേജ് തുറന്നിരിക്കുന്നത്. എന്നാല്‍ പീഡനത്തിന് ഇരയായ യുവതി കടന്നു പോകുന്ന സാഹചര്യം വളരെ മോശമാണ്. പീഡനത്തിനെ തുടര്‍ന്നുണ്ടായ മാനസീക ആഘാതം കൂടാതെ പേടിയിലാണ് ദിവസങ്ങൾ കടന്നു പോകുന്നത് എന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറയുന്നത്. ‘ആ ചെകുത്താൻ ജയിലില്‍ നിന്ന് തിരിച്ചു വന്നാൽ എനിക്കെന്തെങ്കിലും സംഭവിക്കുമോ?’ എന്നാണ് മകൾ നിരന്തരം തന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന പ്രതി മനോജിത്ത് ഇനിയും തന്നെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുമോ എന്ന പേടിയിലാണ് പെണ്‍കുട്ടി എന്നാണ് പിതാവ് വ്യക്തമാക്കിയിരിക്കുന്നത്.
കേസില്‍ അന്വേഷണം നടത്തുന്നത് ഒമ്പത് അംഗ പ്രത്യക അന്വേഷണ സംഘമാണ്. എസിപി പ്രദീപ് കുമാർ ഗോസലിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മറ്റ് രണ്ടുപേര്‍ നിലവിലെ വിദ്യാര്‍ത്ഥികളുമാണ് മറ്റൊരാള്‍ കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനും. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയുടെ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചിരുന്നതായി പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണെന്നാണ് റിപ്പോര്‍ട്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ആണ്‍ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും മനോജ് മിശ്ര ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിക്കുന്നു. കോളേജിലെ ഗാര്‍ഡ് റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയാണ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
recommended by




