വ്യവസായി ഗോപാല്‍ ഖെംകയുടെ കൊലപാതകത്തിലെ പ്രതികളിലൊരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പട്‌ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി അനുഭാവിയുമായ ഗോപാൽ ഖെംകയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളിലൊരാൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വികാസ് എന്ന രാജ (29) ആണ് ചൊവ്വാഴ്‌ച പുലർച്ചെ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇയാൾ മറ്റുനിരവധി കേസുകളിലും പ്രതിയാണ്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, കൊലപാതക കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ സംഘം വികാസിനെ തേടി ചൊവ്വാഴ്ച പുലർച്ചെ 2:25 ഓടെ പട്‌നയിലെ ദമാരിയ ഘാട്ടിൽ എത്തിയെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസുകാരെ കണ്ടപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും വെടിയുതിർക്കുകയും ചെയ്. ഉദ്യോഗസ്ഥർ തിരിച്ചടിച്ചപ്പോൾ ഇയാൾ കൊല്ലപ്പെട്ടെന്നും ബിഹാർ പോലീസ് അറിയിച്ചു. വെടിവെപ്പിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
സ്ഥലത്തുനിന്ന് ഒരു പിസ്റ്റളും, വെടിയുണ്ടകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഗോപാൽ ഖെംകയെ കൊലപ്പെടുത്താനുള്ള ആയുധം നൽകിയത് വികാസാണെന്നാണ് പോലീസ് പറയുന്നത്. ഗോപാൽ ഖെംകയെ വെടിവെച്ച് കൊന്നെന്ന് സംശയിക്കുന്ന ആളെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉമേഷ് റായ് എന്ന ഇയാൾ ക്വട്ടേഷൻ കൊലയാളിയാണെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി 11: 40- ഓടെ പട്‌നയിലെ വീടിനുമുന്നിൽവെച്ചാണ് ഗോപാൽ ഖെംകയ്ക്ക് തലയ്ക്ക് വെടിയേറ്റത്. കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം.
2018-ൽ ഖെംകയുടെ മകനും ബിജെപി നേതാവുമായിരുന്ന ഗുഞ്ജൻ സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഹാജിപുരിലെ ഫാക്‌ടറിക്കുമുന്നിൽ വെടിയേറ്റാണ് മകൻ മരിച്ചത്. അതിനുശേഷം ഗോപാലിന് ഏർപ്പെടുത്തിയ പ്രത്യേകസുരക്ഷ കഴിഞ്ഞവർഷം ഏപ്രിലിൽ സർക്കാർ പിൻവലിച്ചിരുന്നു.




