ഓപ്പറേഷൻ വേണ്ടിവന്നപ്പോൾ ഇൻഷുറൻസ് കമ്പനി വാക്കുമാറിയെന്ന് പരാതി; നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

ബംഗളൂരു: ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയ അഭിഭാഷകന് നാല് ലക്ഷം രൂപയിലധികം നഷ്ടപരിഹാരം നൽകാൻ വിധി. ബെംഗളൂരുവിലെ ഉപഭോക്തൃ കോടതിയാണ് ടാറ്റ എഐജി ഇൻഷുറൻസ് കമ്പനിക്കെതിരെ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
65 വയസ്സുകാരനായ കിരൺ എസ്. ജാവലി എന്ന് അഭിഭാഷകൻ 2022 ഫെബ്രുവരിയിലാണ് ടാറ്റാ എഐജിയുടെ മെഡികെയർ പോളിസി വാങ്ങിയത്. മുതിർന്ന പൗരന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ പോളിസിക്ക് മുൻകൂർ മെഡിക്കൽ പരിശോധനകൾ ആവശ്യമില്ലെന്ന് ഏജന്റ് ഉറപ്പുനൽകിയിരുന്നതായി അദ്ദേഹം പറയുന്നു. 84,510 രൂപ പ്രീമിയം അടച്ച് 2022 ഫെബ്രുവരി 14-നാണ് പോളിസി നിലവിൽ വന്നത്.
എന്നാൽ, മൂന്ന് മാസത്തിനുള്ളിൽ കിരണിന് കടുത്ത വേദനയും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടു. പിന്നീട് പ്രോസ്റ്റേറ്റ് വീക്കവും ആദ്യമായി രക്തസമ്മർദ്ദവും കണ്ടെത്തി. 2022 മെയ് മാസത്തിൽ മണിപ്പാൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. ക്യാഷ്‌ലെസ് ചികിത്സയ്ക്കായി അപേക്ഷിച്ചപ്പോൾ, ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചു. നിലവിലുള്ള രോഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയില്ല എന്നതായിരുന്നു നിരസിക്കാനുള്ള കാരണമായി പറഞ്ഞത്.




