വയനാട്ടിലും അപകടക്കെണി; മെഡിക്കൽ കോളേജിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിൽ, പല ഭാഗങ്ങളും ചോര്‍ന്നൊലിക്കുന്നു

മാനന്തവാടി: മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളും അപകടാവസ്ഥയിൽ. കോളേജിന്‍റെ പഴയ കെട്ടിടങ്ങളാണ് അപകടക്കെണിയായി മാറുന്നത്. മെഡിക്കൽ കോളേജിലെ പഴയ പേവാർഡും സൂപ്രണ്ടിന്‍റെ കാര്യാലയവുമടക്കം അപകടാവസ്ഥയിലാണ്.കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച പഴയ പേവാർഡ് കെട്ടിടം ചോർന്നൊലിക്കുകയാണ്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ കൗമാരക്കാരുടെ കൗൺസിലിംഗ് സെൻററും ജീവനക്കാരുടെ മുറികളും പ്രവർത്തിക്കുന്നുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും വാർഡുകളിലേക്ക് പോകാൻ ഉപയോഗിക്കുന്നതും ഇതേ കെട്ടിടമാണ്. സൂപ്രണ്ടിന്‍റെ കാര്യാലയം പല ഭാഗങ്ങളും പൊളിഞ്ഞ നിലയിലാണ്. കെട്ടിടങ്ങളുടെ അപകടാവസ്ഥ ആശുപത്രി വികസന സമിതി യോഗങ്ങളിൽ ഉന്നയിക്കപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
മാനന്തവാടി ജില്ലാ ആശുപത്രിയാണ് വയനാട് മെഡിക്കൽ കോളേജായി ഉയര്‍ത്തിയത്. മെഡിക്കൽ കോളേജിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ പ്ലബിങിലടക്കം തകരാറുണ്ടെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. പ്ലബിങിലെ തകരാര്‍ മൂലം കഴിഞ്ഞ ദിവസം കെട്ടിടത്തിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നു. ഇതിനിടെയാണ് പഴയ കെട്ടിടങ്ങളും അപകടഭീഷണിയായി തുടരുന്നത്. വയനാട് മെഡിക്കൽ കോളേജായി പ്രഖ്യാപിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്ന ആരോപണം ശക്തമാണ്.




