കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ, വിലകൂടിയ താരമാകാന്‍ സഞ്ജു സാംസണ്‍

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ താരലേലം നാളെ അരങ്ങേറുകയാണ്.തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികൾ സ്റ്റാർ ത്രീ ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തൽസമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മുതിർന്ന ഐപിഎൽ-രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം. ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു സാംസൺ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം സീസണിന്‍റെ പ്രധാന പ്രത്യേകത. ഐപിഎൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമ്മയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്. സംവിധായകനും ട്രിവാൺഡ്രം റോയൽസ് ടീമിന്‍റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകുന്നേരം 6 മണിക്കാണ് ലേലനടപടികള്‍ അവസാനിക്കുന്നത്.
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങൾക്കായാണ് ശനിയാഴ്ചത്തെ ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണമെന്‍റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75000വുമാണ് അടിസ്ഥാന തുക.




