ആർമി യൂണിഫോമുകൾ വലിച്ചുവാരിയിട്ട നിലയിൽ, മിലിട്രി ക്വാട്ട മദ്യവും മിസിങ്, കതക് തകർത്ത് കൊണ്ടുപോയതിൽ സ്വർണവും

തിരുവനന്തപുരം: കോട്ടുകാലിൽ സൈനികന്‍റെ വീട് കുത്തിത്തുറന്ന് സ്വർണം, മദ്യം എന്നിവ മോഷ്ടിച്ചു. കോട്ടുകാൽ പയറുംമൂട് അയണി കുറ്റിവിള പഠിപ്പുര വീട്ടിൽ സൈനികനായ വിജിത്തിൻ്റെ വീട് കുത്തി തുറന്നായിരുന്നു മോഷണം നടത്തിയത്. വിജിത്ത് ജോലിസ്ഥലത്തും ഭാര്യ സ്വന്തം വീട്ടിലുമായിരുന്നതിനാൽ മോഷണം നടന്ന സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
ബുധനാഴ്ച വൈകുന്നേരം വിജിത്തിൻ്റെ സഹോദരൻ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ വീടിൻ്റെ പുറകുവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് വിജിത്തിൻ്റെ ഭാര്യയെത്തി പരിശോധിച്ചപ്പോൾ മൂന്ന് കുപ്പി മദ്യവും മോഷണം പോയതായി മനസ്സിലായി. അലമാരയിലിരുന്ന ആർമി യൂണിഫോമുകൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വീടിൻ്റെ പിറകിലെ സ്റ്റെയർകെയ്സ് വഴി കയറിയ മോഷ്ടാവ് മുകളിലത്തെ വാതിലും തകർത്തതായി കണ്ടെത്തിയിട്ടുണ്ട്. മുറിയിലെ ബാഗിലുണ്ടായിരുന്ന ഒരു വളയും കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




