5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’

ദില്ലി: അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു നാളെ തുടക്കം. 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രക്കാണ് നാളെ തുടക്കമാകുക. 8 ദിവസത്തെ സന്ദർശനത്തിൽ നാളെ ആദ്യം പ്രധാനമന്ത്രി ആഫ്രിക്കൻ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് അൻറ് ടൊബാഗോ, അർജന്‍റീന എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മോദി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 2 മുതൽ 9 വരെ എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രയാണിത്. ബ്രസീലിൽ നടക്കുന്ന 17 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം, ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയെന്നതും മോദിയുടെ ലക്ഷ്യമാണ്. ഘാനയിലേക്കുള്ള സന്ദർശനം 30 വർഷത്തിനിടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ എന്നിവിടങ്ങളിലേക്കും മോദിയുടെ ആദ്യ സന്ദർശനമാണ്.




