ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഇടപെടല്‍ ഫലം കണ്ടു; 23കാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഇടപെടല്‍ ഫലം കണ്ടു. കൊല്ലം സ്വദേശിയും തിരുവനന്തപുരം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ 23കാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണം എത്തിച്ചതോടെയാണ് തുടര്‍നടപടിയുണ്ടായത്. ശസ്ത്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ യുവാവിനെ ഐസിയുവിലേക്ക് മാറ്റി. ഈ യുവാവിന്റേതടക്കം നാല് ശസ്ത്രക്രിയകളാണ് ഇന്നലെ മെഡിക്കല്‍ കോളേജില്‍ നടന്നത്.
കടുത്ത വേദനയെ തുടര്‍ന്നായിരുന്നു 23കാരനായ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. ഉപകരണം തകരാറിലായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ മാറ്റിയത്. ഈ സംഭവമായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗുരുതര പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയാന്‍ ഡോ. ഹാരിസ് ചിറയ്ക്കലിനെ നിര്‍ബന്ധിതനാക്കിയത്. മകന്റെ പ്രായത്തിലുള്ള യുവാവിന്റെ ശസ്ത്രക്രിയ അവസാന നിമിഷം മുടങ്ങിയത് ഏറെ വേദനിപ്പിച്ചതായി ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. കടുത്ത വേദന കടിച്ചമര്‍ത്തിയായിരുന്നു യുവാവ് പരീക്ഷകള്‍ എഴുതിയിരുന്നതെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ഡോക്ടര്‍ ഉന്നയിച്ചത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവം ചര്‍ച്ചയായതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഹാരിസ് ചിറയ്ക്കല്‍ പിന്‍വലിച്ചു. ഇതിന് പിന്നാലെ ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി. ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു




