Uncategorized

ഒടുവില്‍ ഔദ്യോഗിക തീരുമാനമായി, യശസ്വി ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കൊപ്പം തുടരും; എന്‍ഒസി പിന്‍വലിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാള്‍ ആഭ്യന്ത ക്രിക്കറ്റില്‍ മുംബൈക്കൊപ്പം തുടരും. നേരത്തെ, താരം ഗോവയ്ക്ക് വേണ്ടി കളിക്കുന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് തീരുമാനം മാറ്റിയ താരം മുംബൈക്കൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിനുള്ള എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പിന്‍വലിച്ചു.

എന്‍ഒസി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജിന്‍ക്യ നായിക് പറഞ്ഞതിങ്ങനെ… ”’ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റിന്റെ താരമാണ്. എന്‍ഒസി പിന്‍വലിക്കണമെന്നുള്ള ജയ്‌സ്വാളിന്റെ ആവശ്യം ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ജയ്‌സ്വാള്‍ മുംബൈ ടീമില്‍ ഉണ്ടാകും.” നായിക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഏപ്രിലിലാണ് അടുത്ത സീസണില്‍ ഗോവക്കായി കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യശസ്വി മുബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കിയത്. ഇത് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിക്കുകയും ഗോവക്കായി കളിക്കാന്‍ ജയ്‌സ്വാളിന് എന്‍ ഒ സി നല്‍കുകയും ചെയ്തു.

എന്നാല്‍ തനിക്ക് നല്‍കിയ എന്‍ ഒ സി പിന്‍വലിക്കണമെന്നും അടുത്ത സീസണിലും മുംബൈക്കായി തുടര്‍ന്ന് കളിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജയ്‌സ്വാള്‍ വീണ്ടും മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ മെയില്‍ അയച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തോടൊപ്പം ഗോവയിലേക്ക് മാറാന്‍ ആലോചനയുണ്ടായിരുന്നുവെന്നും എന്നാല്‍ തല്‍ക്കാലം അത് നടക്കാനിടയില്ലാത്തതിനാല്‍ വീണ്ടും മുംബൈക്കായി കളിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇ മെയിലില്‍ ജയ്‌സ്വാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി പ്ലേറ്റ് ലീഗില്‍ നിന്ന് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഗോവയെ അടുത്ത സീസണില്‍ ജയ്‌സ്വാള്‍ നയിക്കുമെന്ന് നേരത്തെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഷാംബ ദേശായിയും വ്യക്തമാക്കിയിരുന്നു.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും മുംബൈയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാണ് യശസ്വി ജയ്‌സ്വാള്‍. മുംബൈക്കായും ഐപിഎല്ലിലും നടത്തിയ പ്രകടനങ്ങളിലൂടയൊണ് യശസ്വി ഇന്ത്യന്‍ ടീമിലെത്തിയതും. ഉത്തര്‍പ്രദേശില്‍ ജനിച്ച യശസ്വി 2019ലാണ് മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. മുംബൈക്കായി ഇതുവരെ 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 60.85 ശരാശരിയില്‍ 3712 റണ്‍സ് യശസ്വി നേടിയിട്ടുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ ആയിരുന്നു യശസ്വി അവസാനമായി മുംബൈ കുപ്പായത്തില്‍ കളിച്ചത്. മുംബൈ തോറ്റ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button