Uncategorized

‘ഓപ്പറേഷൻ സിന്ദൂറിനിടെ ജെറ്റുകൾ നഷ്ടമായി’; പ്രതിരോധ അറ്റാഷെയുടെ പ്രതികരണത്തിൽ വിശദീകരണവുമായി ഇന്ത്യൻ എംബസി

ന്യൂഡൽഹി: പ്രതിരോധ അറ്റാഷെയുടെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി തെറ്റായി ചിത്രീകരിച്ചുവെന്ന് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി. രാഷ്ട്രീയ പരിമിതികൾ കാരണം ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനോട് ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ നഷ്ടമായി എന്ന് പ്രതിരോധ അറ്റാഷെ ക്യാപ്റ്റൻ ശിവ് കുമാർ സെമിനാറിൽ സംസാരിച്ചുവെന്ന റിപ്പോർട്ടിലാണ് എംബസി വിശദീകരണം നൽകിയിരിക്കുന്നത്. ‘അദ്ദേഹത്തിന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയാണ് ഉദ്ധരിച്ചത്. അദ്ദേഹം നടത്തിയ അവതരണത്തിന്റെ ഉദ്ദേശ്യത്തെയും ഗതിയെയും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് മാധ്യമ റിപ്പോർട്ടുകൾ’ എന്നായിരുന്നു എക്സ് പോസ്റ്റിൽ ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്.

ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യമെന്നും ആക്രമണാത്മകമല്ലാത്ത സ്ഥിതി നിലനിർത്തുക എന്നതായിരുന്നു സൈന്യത്തോടുള്ള സിവിലിയൻ സർക്കാരിന്റെ ഉത്തരവുകൾക്ക് പിന്നിലെന്ന് അറ്റാഷെ ആവർത്തിക്കുകയായിരുന്നുവെന്നും എംബസി വിശദീകരിച്ചു. നമ്മുടെ അയൽപക്കത്തുള്ള മറ്റ് ചില രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ സായുധ സേന സിവിലിയൻ രാഷ്ട്രീയ നേതൃത്വത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും അവതരണം വ്യക്തമാക്കുന്നുവെന്നും എംബസി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയപ്പോൾ ചില വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നായിരുന്നു ജൂൺ 10 ന് ജക്കാർത്തയിൽ നടന്ന ഒരു സെമിനാറിൽ ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ ക്യാപ്റ്റൻ (ഇന്ത്യൻ നാവികസേന) ശിവ് കുമാർ വെളിപ്പെടുത്തിയത്. പാകിസ്താന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളോ വ്യോമ പ്രതിരോധ സംവിധാനങ്ങളോ ലക്ഷ്യം വയ്ക്കരുതെന്ന് ഇന്ത്യൻ സേനയ്ക്ക് നിർദ്ദേശമുണ്ടായിരുന്നു എന്നും ക്യാപ്റ്റൻ ശിവ് കുമാർ വെളിപ്പെടുത്തിയിരുന്നു. സൈനിക കേന്ദ്രങ്ങളെയോ അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയോ ആക്രമിക്കരുതെന്ന രാഷ്ട്രീയ നേതൃത്വം നൽകിയ നിർദ്ദേശത്തിൻ്റെ പേരിൽ മാത്രമാണ് വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതെന്ന് ക്യാപ്റ്റൻ ശിവ് കുമാർ പറഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ.

ആദ്യ തിരിച്ചടിക്ക് ശേഷം ഇന്ത്യൻ സൈന്യം അവരുടെ തന്ത്രങ്ങൾ പരിഷ്കരിച്ചുവെന്നും ക്യാപ്റ്റൻ ശിവ് കുമാർ പറഞ്ഞിരുന്നു. ‘നഷ്ടത്തിന് ശേഷം, ഞങ്ങൾ ഞങ്ങളുടെ തന്ത്രങ്ങൾ മാറ്റി, ഞങ്ങൾ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു… ആദ്യം ഞങ്ങൾ ശത്രുവിൻ്റെ വ്യോമ പ്രതിരോധത്തെ അടിച്ചമർത്തി, തുടർന്ന് ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതോടെ ഞങ്ങളുടെ എല്ലാ ആക്രമണങ്ങളും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു’ എന്നും ക്യാപ്റ്റൻ ശിവ് കുമാർ സെമിനാറിൽ പറഞ്ഞിരുന്നു.

നാവിക ഉദ്യോഗസ്ഥന്റെ പ്രതികരണം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് രം​​ഗത്ത് വന്നതിന് പിന്നാലെയായിരുന്നു എംബസിയുടെ വിശദീകരണം. കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ ഉണ്ടായ സൈനിക നഷ്ടങ്ങളെക്കുറിച്ച് മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി വിശദീകരണവുമായി രം​ഗത്ത് വന്നിരിക്കുന്നത്.

പ്രതിരോധ അറ്റാഷെയുടെ പരാമർശങ്ങൾ കോൺഗ്രസ് നേരത്തെ ഏറ്റെടുത്തിരുന്നു. ‘സർവകക്ഷി യോഗത്തിൽ അധ്യക്ഷത വഹിക്കാനും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും പ്രധാനമന്ത്രി വിസമ്മതിക്കുന്നത് എന്തുകൊണ്ട്? പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്തണമെന്ന ആവശ്യം എന്തുകൊണ്ടാണ് നിരസിക്കപ്പെട്ടത്?’ എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് എക്സിലൂടെ പ്രതികരിച്ചത്.

മോദി സർക്കാരിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനുമെതിരായ ‘നേരിട്ടുള്ള കുറ്റാരോപണം’ എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button