Uncategorized

അസ്ഥി പൊലീസിന് നൽകിയത് യുവതി മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തില്‍, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു’;

തൃശ്ശൂര്‍: നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. രണ്ടാമത്തെ കുഞ്ഞിന്റേത് കൊലപാതകമാണെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. യുവാവിനെയും യുവതിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിനെക്കുറിച്ച് തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി കൃഷ്ണകുമാറാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ യുവതിയും യുവാവും പറയുന്നത്. തനിക്ക് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നും രണ്ട് കുട്ടികള്‍ ജനിച്ചെന്നും ഇന്നലെ സ്റ്റേഷനിലെത്തി യുവാവ് പറഞ്ഞു. കുഞ്ഞുങ്ങള്‍ ഇരുവരും മരിച്ചുവെന്നും അവരുടെ അസ്ഥികൂടമാണിതെന്നും പറഞ്ഞാണ് ബാഗ് പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് അമ്പരന്നു. മദ്യലഹരിയാണോയെന്ന് സംശയമുണ്ടായിരുന്നു. യുവാവ് പറഞ്ഞ കാര്യങ്ങള്‍ രാത്രി തന്നെ സ്ഥിരീകരിക്കാനാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ മരിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ജനിച്ച് ദിവസങ്ങള്‍ക്കകം തന്നെ രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. രണ്ടും ആണ്‍കുട്ടികളായിരുന്നു.

2020 ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പെണ്‍കുട്ടിക്ക് 18 ഉം യുവാവിന് 20 മായിരുന്നു അന്ന് പ്രായം. വിവാഹം കഴിക്കുകയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. 2021 ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ആദ്യത്തെക്കുട്ടി മരിച്ചതെന്നാണ് യുവതി പറയുന്നത്. പ്രസവിക്കുന്നതിനും രണ്ട് ദിവസം മുന്‍പ് ഗര്‍ഭപാത്രത്തില്‍വെച്ചു തന്നെ മരിച്ചിരുന്നു. രണ്ടാമത്തെക്കുട്ടിയും മരിച്ചുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. രണ്ടാമത്തേത് സ്വാഭാവിക മരണമല്ല. കൊലപാതകമാണ്. കുഞ്ഞ് കരഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ കുഞ്ഞിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.

കുഴിച്ചിട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അസ്ഥികള്‍ ശേഖരിച്ച് സൂക്ഷിച്ചത്. രണ്ട് കുഞ്ഞുങ്ങളെയും രണ്ടിടത്താണ് കുഴിച്ചിട്ടത്. അതിനാല്‍ കേസ് രണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വരിക. രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട സമയത്ത് പ്രദേശവാസികള്‍ക്ക് സംശയം തോന്നിയിരുന്നു. പട്ടാപ്പകലാണ് കുഴിച്ചിട്ടത്. യുവതി ഗര്‍ഭിണിയായിരുന്നോയെന്ന സംശയം അയല്‍വാസികള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത് എന്നും പൊലീസ് പറയുന്നു.

കുട്ടികള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ അവര്‍ മോക്ഷം കിട്ടാന്‍ ചടങ്ങ് നടത്തണമെന്നും അതിനായി അസ്ഥി ശേഖരിച്ച് കൊണ്ടുവരാനും യുവാവ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. കടലില്‍ കൊണ്ടുകളാമെന്നായിരുന്നു യുവതി യുവാവിനോട് പറഞ്ഞത്. എന്നാല്‍ ബോധപൂര്‍വ്വമാണ് അസ്ഥി കൊണ്ടുവരാന്‍ യുവതിയോട് യുവാവ് ആവശ്യപ്പെട്ടത്. രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം ഉടലെടുക്കുകയായിരുന്നു. യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്നും മറ്റൊരു ബന്ധത്തിലാണെന്നും സംശയം ഉയരുന്നു. രണ്ടാമതൊരു ഫോണ്‍ ആവശ്യപ്പെട്ടിട്ടും വേണ്ടെന്ന് യുവതി പറഞ്ഞെങ്കിലും സംശയാസ്പദമായി മറ്റൊരു ഫോണ്‍ യുവതിയുടെ പക്കല്‍ കണ്ടതും യുവാവില്‍ സംശയം ഉണര്‍ത്തി. 2025 ജനുവരിയിലാണ് അത് മനസ്സിലാക്കുന്നത്. അതാണ് തര്‍ക്കത്തില്‍ കലാശിച്ചത് എന്നും പൊലീസ് പറഞ്ഞു.

യുവതി ഒഴിഞ്ഞുമാറുകയാണെങ്കില്‍ തെളിവായി അസ്ഥികള്‍ കാണിക്കാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാള്‍ ശല്യമായി തുടങ്ങിയതോടെ സ്വയം അകന്നതാണെന്ന് യുവതിയും സമ്മതിക്കുന്നുണ്ട്. ഫോണ്‍ വിളിച്ചപ്പോള്‍ യുവതി തിരക്കിലായതാണ് പ്രകോപനത്തിന് കാരണം. ബന്ധുവിനെ വിളിച്ചതെന്നാണ് യുവതി പറയുന്നത്. തര്‍ക്കം മൂര്‍ച്ഛിത്തതോടെ യുവാവ് അസ്ഥി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button