തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി: ഡോ. ഹാരിസിൻ്റെ പോസ്റ്റ് വൈകാരിക പ്രകടനമായി കാണാനാവില്ല, നടപടിയെടുത്താൻ ഇടപെടുമെന്ന് ഡോ. റോസനാര ബീഗം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയെന്ന ആരോപണത്തിൽ ഡോ. ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ. ഡോ. ഹാരിസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈകാരിക പ്രകടനമാണെന്ന ഡിഎംഇയുടെ വാദങ്ങൾ കെജിഎംസിടിഎ (KGMCTA) പ്രസിഡന്റ് ഡോ. റോസനാര ബീഗം തള്ളി. ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടിയെടുത്താൽ സംഘടന ശക്തമായി ഇടപെടുമെന്നും ഡോ റോസനാര ബീഗം പറഞ്ഞു.
പോസ്റ്റ് വൈകാരിക പ്രകടനമായി കാണാനാവില്ല. വിവാദത്തിൻ്റെ ആവശ്യമില്ല. ഇത്തരം പ്രശ്നങ്ങൾ ഇതിനു മുമ്പും പലരും സംഘടനയിൽ ഉന്നയിച്ചിട്ടുണ്ട്. ഹാരിസ് ചിറക്കലിനെതിരെ നടപടിയെടുത്താൽ സംഘടന ഇടപെടുമെന്നും ഡോ റോസനാര ബീഗം പറഞ്ഞു. അതേസമയം, ചികിത്സ പ്രതിസന്ധി ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കും. സമഗ്ര അന്വേഷണം നടത്താനാണ് വകുപ്പിന്റെ തീരുമാനം.
ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലോടെ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഉപകരണക്ഷാമം സജീവ ചർച്ചയായത്. സ്റ്റോക്ക് പുതുക്കുന്നതിലെ കാലതാമസവും കുടിശ്ശിക തീർക്കാത്തതും വിദഗ്ധ ചികിത്സ വിഭാഗങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എല്ലാ വർഷവും രണ്ട് തവണയാണ് ഡിഎംഇ ഓഫീസിൽ നിന്ന് മെഡിക്കൽ കോളേജുകളിലെ വകുപ്പ് മേധാവികളോട്, അതാത് വകുപ്പിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക ചോദിക്കാറുള്ളത്. ഇതിനിടയിൽ ആവശ്യാനുസരണം ഉപകരണങ്ങൾ ചോദിക്കാം. പക്ഷേ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം മൂലം പലപ്പോഴും ഈ പട്ടികയനുസരിച്ചുള്ള ഉപകരണങ്ങൾ കിട്ടാൻ വൈകും. പലപ്പോഴും പൊതു ഉപകരണങ്ങൾ പരസ്പരം സഹകരിച്ച് ഉപയോഗിച്ച് വകുപ്പുകൾ പ്രതിസന്ധി ഒഴിവാക്കും. എന്നാൽ ഒരു വകുപ്പിന് മാത്രമായി ആവശ്യമുള്ള ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടായാൽ കടുത്ത പ്രതിസന്ധിയാണ് നേരിടുക.




