Uncategorized

യുവജനങ്ങള്‍ക്ക് കേരളത്തിൽ തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങള്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനാകുന്നവിധം തൊഴിലവസരങ്ങള്‍ ലഭ്യമാകണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ എംഎസ്എംഇ കള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. വ്യവസായ വാണിജ്യ വകുപ്പിന്‍റേയും ലോക ബാങ്ക് സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേര പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷങ്ങളുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികവുറ്റ മനുഷ്യവിഭവശേഷിയും ടാലന്‍റ് പൂളും കേരളത്തിലുണ്ട്. കേരളം വിട്ടുപോയ മലയാളികള്‍ തിരിച്ചു വരുന്നത് ശ്രദ്ധേയമാണ്. പുറംനാടുകളിലേക്ക് പോകാതെ ചെറുപ്പക്കാര്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാനുള്ള വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജിഡിപിയുടെ 30 ശതമാനത്തോളം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) നിന്നാണ് ലഭിക്കുന്നത്. മൂന്നര ലക്ഷം എംഎസ്എംഇ കള്‍ 4 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് ചരിത്രനേട്ടമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ളാനില്‍ ഒന്നാം റാങ്ക് കേരളത്തിനാണെന്നതില്‍ ഓരോ മലയാളിയ്ക്കും അഭിമാനിക്കാം. വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അനുയോജ്യമായ അന്തരീക്ഷം കേരളത്തില്‍ രൂപം കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ് ഡിഐ) ഈ വര്‍ഷം നൂറ് ശതമാനം വളര്‍ച്ച കൈവരിച്ച ഏക സംസ്ഥാനം കേരളമാണ്.

എംഎസ്എംഇ കളേക്കാള്‍ ചെറിയ സംരംഭങ്ങളായ ‘നാനോ’ യെ ശക്തിപ്പെടുത്താനുള്ള ‘മിഷന്‍ 10000’ ഉടന്‍ ആരംഭിക്കും. 10000 സംരംഭങ്ങളെ ഒരുകോടി ടേണോവറിലേക്ക് ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഇത്തരം പദ്ധതികള്‍ രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഐഐഎം ഇന്‍ഡോര്‍, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഇന്‍ ഡെവലപ്മെന്‍റ് തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളുടെ എംഎസ്എംഇ കളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ 31 ശതമാനത്തോളം വരുന്ന വനിത സംരംഭകരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഐഐഎം ഇന്‍ഡോറിന്‍റെ പഠനറിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. എംഎസ്എംഇ കളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സിഎംഡി ട്രിവാന്‍ഡ്രത്തിന്‍റെ പഠനത്തിനെ അടിസ്ഥാനമാക്കിയാണ് ഈ മേഖലയില്‍ തുടര്‍ച്ചയായ 10 പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button