Uncategorized

ഗാസയിൽ സഹായം കാത്ത് നിൽക്കുന്നവർക്കെതിരെ ദയയില്ലാതെ ഇസ്രയേൽ; കഴിഞ്ഞ മാസം മാത്രം 500ലധികം പേരെ കൊലപ്പെടുത്തി

ഗാസ: ഗാസയില്‍ സഹായം കാത്ത് നിന്ന 549 പേരെയാണ് കഴിഞ്ഞ മാസം മാത്രം ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ആകെ 71 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലെ പലായനം ചെയ്ത് വന്നവര്‍ താമസിക്കുന്ന വീടിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഡോക്ടറടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ ക്രൂരമായ ആക്രമണം തുടരുന്നുവെന്നാണ് റിപ്പോർട്ട്. 13കാരനെ ഇസ്രയേല്‍ സ്‌നൈപ്പർ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തി. റയാന്‍ ടമാര്‍ അന്‍വര്‍ ഹൗഷ്യേഹിന് നേരെ ഇസ്രയേലി സ്‌നൈപ്പര്‍ 3 തവണയാണ് വെടിയുതിര്‍ത്തതെന്നാണ് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍- പലസ്തീന്‍ (ഡിസിഐ-പി) വ്യക്തമാക്കി. ഇസ്രയേലിന്റെ സൈനിക നുഴഞ്ഞുകയറ്റത്തിനിടെ എത്തിനോക്കിയതിനാണ് റയാനെ വെസ്റ്റ്ബാങ്കിലെ അല്‍ യാമൗണില്‍ വെച്ച് കൊലപ്പെടുത്തിയതെന്ന് ഡിസിഐ-പി പറയുന്നു.

കഴുത്തിലും വയറ്റിലും തുടയിലുമാണ് റയാന് വെടിയേറ്റത്. പലസ്തീനിലെ കുട്ടിക്കാലം ഇങ്ങനെയാണെന്നും ഡിസിഐ-പി ചൂണ്ടിക്കാട്ടി. ഇതോടെ വെസ്റ്റ്ബാങ്കില്‍ മാത്രം ഈ വര്‍ഷം കൊലചെയ്യപ്പെട്ട കുട്ടികളുടെ കണക്ക് 30 ആയി ഉയര്‍ന്നു. 2023 ഒക്ടോബര്‍ ഏഴ് വരെ ഇതുവരെ 56,259 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 1,32,458 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം വംശഹത്യയുടെ വിനാശകരമായ സാചര്യത്തിലാണ് ഗാസയെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അപലപിച്ചു. ഇസ്രയേലുമായുള്ള സഹകരണം യൂറോപ്യന്‍ യൂണിയന്‍ (ഇ യു) അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രസ്സല്‍സില്‍ വെച്ച് നടന്ന ഇ യു ഉച്ചകോടിക്ക് മുമ്പാകെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാഞ്ചെസ്.

എന്നാല്‍ സാഞ്ചെസിനെതിരെ ഇസ്രയേലിന്റെ മാഡ്രിഡ് എംബസി രംഗത്തെത്തി. ഇസ്രയേലിനെ സാഞ്ചെസ് പൈശാചവല്‍ക്കരിക്കുകയാണെന്ന് എംബസി പറഞ്ഞു. സ്‌പെയിന്‍ ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണുള്ളതെന്നും എംബസി എക്‌സില്‍ കുറിച്ചു. ഇസ്രയേലിന് അവരുടെ പൗരന്മാരെ പ്രതിരോധിക്കാനുള്ള അവകാശവും കടമയുമുണ്ടെന്നും എംബസി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button