രോഗിയായ മകനെ പൂട്ടിയിട്ട അമ്മയുടെ ദുരവസ്ഥ; സൗരവിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൈകോര്‍ക്കാം; സഹായ ഹസ്തം നീട്ടി രമേശ് ചെന്നിത്തലയും

അപസ്മാര രോഗം ബാധിച്ച മകനെ നിവൃത്തിയില്ലാതെ ഇരുമ്പ് വാതില്‍ മുറിയില്‍ പൂട്ടിയിടേണ്ടിവരുന്ന ഗതികേടില്‍ ഒരമ്മ. കണ്ണൂര്‍ മാച്ചേനിയിലെ 26കാരന്‍ സൗരവിന്റെയും അമ്മ രമയുടെയും ജീവിതം കഴിഞ്ഞ ആറ് വര്‍ഷമായി നാല് ചുമരുകള്‍ക്കുള്ളിലാണ്. അപസ്മാര രോഗം ബാധിച്ച മകനെ ചികിത്സിച്ച് സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ അമ്മയ്ക്ക് സുമനസുകളുടെ സഹായം ആവശ്യമാണ്. രമയുടെ ദുരിതം വാര്‍ത്തയാക്കിയതോടെ സഹായ ഹസ്തം നീട്ടി രമേശ് ചെന്നിത്തല രംഗത്തെത്തി.സൗരവിന് ആവശ്യമുള്ള മരുന്നിന് മാത്രം പ്രതിമാസം 5000 രൂപയോളം വേണം. മറ്റ് ചികിത്സ ചിലവുകള്‍ വേറെയും. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്ന് അറിയാത്ത ദുരവസ്ഥയിലാണ് നിര്‍ധനയായ രമ. മകന് ഒരു കടുത്ത പനിയായിരുന്നു തുടക്കം. പിന്നീട് ഇത് അപസ്മാരമായി മാറുകയും ഡോക്ടര്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് മനസറിയാതെ സൗരവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് മകനെ ഇരുമ്പ് വാതിലിനുള്ളിലാക്കാന്‍ ഈ അമ്മ നിര്‍ബന്ധിതയായത്. പണി പൂര്‍ത്തിയാകാത്ത ഒരു വീട്ടിലാണ് ഇരുവരുടേയും താമസം. മകനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി സുമനസുകളുടെ കനിവ് തേടുകയാണ് രമ.




