സെനറ്റ് ഹാളിലെ സംഘര്‍ഷം; എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ സര്‍വകലാശാല

തിരുവനന്തപുരം: സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. സെനറ്റ് ഹാളിന് പുറത്തുണ്ടായ സംഘര്‍ഷത്തിലടക്കം രണ്ടു കേസുകളാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധയാ എടുത്തത്. എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
മര്‍ദനമേറ്റ കെഎസ്‍യു പ്രവര്‍ത്തകര്‍ പരാതി നൽകിയിട്ടില്ല. സെനറ്റ് ഹാള്‍ സംഘര്‍ഷത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ കേരള സര്‍വകലാശാല തീരുമാനിച്ചു. ഇതുസംബന്ധിച്ച കണക്കെടുക്കാൻ എഞ്ചിനീയറിങ് വിഭാഗത്തിന് രജിസ്ട്രാര്‍ നിര്‍ദേശം നൽകി. കണക്കെടുക്കുന്നതിനൊപ്പം നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കേരള സര്‍വകലാശാലയുടെ തീരുമാനം.
അതേസമയം, സെനറ്റ് ഹാളിൽ ഗവർണ്ണറുടെ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സർവകലാശാല. ശ്രീ പത്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം. റദ്ദാക്കിയിട്ടും പരിപാടി തുടർന്നുവെന്ന് സർവകലാശാല വിമർശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സർവകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ഗവർണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രതിഷേധം ശക്തമായിരുന്നു.




