ഒരു ഞരക്കം മാത്രം, വായില്‍ തുണി തിരുകി ഇരുമ്പുലക്ക കൊണ്ട് ഉരുട്ടുന്ന പൊലീസുകാർ; രാജനെ പോലെ എത്ര പേർ, പൊള്ളുന്ന ഓർമ്മ

അടിയന്തരാവസ്ഥയുടെ കാലത്ത് സകല പൗരാവകാശങ്ങളും ലംഘിച്ച് പൊലീസിന്റെ പൈശാചിക മര്‍ദനങ്ങള്‍ അരങ്ങേറിയ ക്യാമ്പാണ് കോഴിക്കോട് കക്കയത്തേത്. ചാത്തമംഗലം ആര്‍ഇസി വിദ്യാര്‍ത്ഥിയായിരുന്ന രാജനെ അതിക്രൂരമായി ഉരുട്ടിക്കൊന്ന, ഒട്ടേറെ നിരപരാധികളെ സമാനതകളില്ലാത്ത ശാരീരിക വേദനകളിലേക്ക് തള്ളിവിട്ട കക്കയം ക്യാമ്പ് അടിയന്തരാവസ്ഥക്കാലത്തും പില്ക്കാലവും കേരളത്തെ ഇളക്കിമറിച്ചു.
ജനാധിപത്യം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞ കാലത്ത് ഭരണകൂട ഭീകരതയുടെ പ്രയോഗശാലയായി മാറിയ കക്കയം ക്യാമ്പിലെ ചോര മണക്കുന്ന വെളിപ്പെടുത്തലുകളിലേക്കുള്ള വാതില്‍ കൂടിയാണ് ചാത്തമംഗലം ആര്‍ഇസി വിദ്യാര്‍ത്ഥിയായിരുന്ന രാജന്. 1976 ഫെബ്രുവരി 26 ന് നടന്ന കായണ പൊലീസ് സ്റ്റേഷന് ആക്രമണത്തിന്റെ അന്വേഷണത്തിന്റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും 60 കിലോമീറ്ററുകളോളം അകലെയുള്ള കക്കയത്ത് തുടങ്ങിയ ക്യാമ്പ് മനുഷ്യവകാശ ലംഘനങ്ങളുടെ ഇടിമുറികളായിരുന്നു.




