വീണ്ടും മോദി സ്തുതിയുമായി തരൂർ; ലേഖനം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എഴുതിയ ശശി തരൂര്‍ എംപിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട്. ദി ഹിന്ദുവില്‍ എഴുതിയ ഇംഗ്ലീഷ് ലേഖനമാണ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് സ്വത്തായി തുടരുമെന്നാണ് ശശി തരൂര്‍ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള നയതന്ത്ര ബന്ധം ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റേതുമായിരുന്നുവെന്നും ഇന്ത്യയ്ക്ക് വ്യക്തതയോടും ബോധ്യത്തോടും കൂടി അന്താരാഷ്ട്ര വേദികളില്‍ ഇതേപറ്റി സംസാരിക്കാന്‍ കഴിയുമെന്നും തരൂര്‍ കുറിച്ചു. എന്നാല്‍ തരൂരിന്റെ ലേഖനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
തുടർച്ചയായി മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിൻ്റെ പ്രതികരണങ്ങളിൽ വലഞ്ഞിരിക്കുകയാണ് കോൺഗ്രസ്. തരൂരിൻ്റെ ഈ പ്രവണതയിൽ പല തവണ നേതാക്കൾ നീരസം പ്രകടിപ്പിച്ചെങ്കിലും മോദി സ്തുതി തുടരുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദിയിലുള്ള സംസാരത്തെ ന്യായീകരിച്ച് ശശി തരൂർ എം പി രംഗത്തെത്തിയത്. പഴയ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത്ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പോസ്റ്റ്. മറ്റു ഭാഷയേക്കാൾ ഹിന്ദിയിൽ സംസാരിക്കുന്നതാണ് പ്രധാനമന്ത്രിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. ലോക നേതാക്കളോടെല്ലാം അദ്ദേഹം ഹിന്ദി ഭാഷയിലാണ് സംസാരിക്കുന്നത്. ജപ്പാൻ, ചൈനീസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെല്ലാം അവരുടെ മാതൃഭാഷയിലാണ് മറ്റു ലോക നേതാക്കളോട് സംസാരിക്കുന്നത്. എല്ലാവരും അവരുടെ മാതൃഭാഷയിൽ സംസാരിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് മാതൃഭാഷയിൽ സംസാരിച്ചാൽ എന്താണ് പ്രശ്നമെന്നും തരൂർ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്ക് സമീപ ഭാവിയിൽ ലജ്ജ തോന്നുമെന്നും അത്തരമൊരു കാലം വിദൂരമല്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമർശം. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ വിവാദപ്രസ്താവന.രാജ്യത്തിന്റെ ഭാഷ രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണം. ഭാഷാ പരിഷ്കരണം അനിവര്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം.




