ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോകില്ല; മലക്കംമറിഞ്ഞ് മോഹന്‍ ജോര്‍ജ്

മലപ്പുറം: വിവാദങ്ങൾക്ക് പിന്നാലെ നിലപാടിൽ മലക്കം മറിഞ്ഞ് നിലമ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്. ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോകില്ലെന്ന് മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. താമര ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യാത്ത ബിജെപിക്കാരനില്ലെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.
‘ബിജെപിക്ക് വോട്ട് കൂടുമെന്നതില്‍ തര്‍ക്കമില്ല. കുടിയേറ്റ ഗ്രാമത്തില്‍ ഉണര്‍വുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബിജെപിയുടെ ചുവടുറപ്പിക്കുന്ന തിരഞ്ഞെടുപ്പ് ആണ് ഇത്’ എന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.
നിലമ്പൂരില്‍ അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയസാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന് കഴിഞ്ഞ ദിവസം മോഹന്‍ ജോര്‍ജ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയായിരുന്നു പ്രതികരണം. ഇടതുപക്ഷത്തെ തോല്‍പ്പിക്കണം എന്ന ഉദ്ദ്യേശത്തോട് കൂടി വലതുപക്ഷത്തിന് വോട്ട് ചെയ്തവരുണ്ട്. അവസാന ഘട്ടത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശക്തമായി പരിശ്രമിച്ചുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ബിജെപി നേടിയത് 8595 വോട്ടുകളാണ്. അതില്‍ നിന്ന് പിന്നോട്ടുപോകില്ല. 20,000 മുതല്‍ 25,000 വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണത്തിന് കാര്യമായ സമയം ലഭിച്ചില്ല. കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കുമായിരുന്നു. ടൈറ്റ് ഷെഡ്യൂളാണ് ബിജെപി നല്‍കിയത്. പി വി അന്‍വര്‍ രാജിവെച്ച സമയം മുതല്‍ യുഡിഎഫ് ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എല്‍ഡിഎഫും അതേ രീതിയില്‍ പ്രവര്‍ത്തിച്ചു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എംഎല്‍എമാരും മുന്‍ എംപിമാരുമെല്ലാം മണ്ഡലത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജും സജി ചെറിയാനും ക്രിസ്ത്യന്‍ വീടുകളിലും മന്ത്രി വി അബ്ദുറഹിമാന്‍ മുസ്ലിം വീടുകളിലും കയറിയിറങ്ങി. എല്‍ഡിഎഫും യുഡിഎഫും ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചതെന്നും അതിന്റെ ഫലം കാണുമെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞിരുന്നു.




