ഇങ്ങനെയെങ്കിൽ എസ് ജാനകിക്ക് ‘പൊന്മേനി ഉരുകുതേ’ എന്ന് പാടാനാകുമോ?; പ്രത്യക്ഷ സമരത്തിനിറങ്ങും: ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുള്‍പ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ സെന്‍സര്‍ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സിനിമയുടെ പേരില്‍ നിന്നുമാത്രമല്ല കഥാപാത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. വാക്കാലുള്ള നിര്‍ദേശമാണ്. രേഖാമൂലം നല്‍കിയാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നത് സെന്‍സര്‍ബോര്‍ഡിന് അറിയാം. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനാണ് തീരുമാനം എടുത്തത്. സമീപകാലത്ത് വേറെയും ഇത്തരത്തിലുള്ള തീരുമാനം അദ്ദേഹം എടുത്തിട്ടുണ്ട്’, ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടി ധീരമായി സ്റ്റേറ്റിനോട് നിയമയുദ്ധത്തിനൊരുങ്ങുന്നതാണ് ഇതിവൃത്തം. ജാനകിയെന്ന് പേരുള്ള പെണ്‍കുട്ടിക്ക് ഇത്തരമൊരു അതിക്രമം ഉണ്ടായതായി ചിത്രീകരിക്കരുതെന്ന് പറയുന്ന വിധം അസംബന്ധമായ നിലപാടിലേക്ക് സെന്‍സര്‍ ബോര്‍ഡ് പോകുന്നത് സിനിമാ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ്. മലയാളത്തില്‍ ആഘോഷിക്കപ്പെട്ട വില്ലന്മാരുടെയെല്ലാം പേര് ദേവന്മാരുടേതാണ്. പത്രമെന്ന സിനിമയില്‍ വളരെ ആഘോഷിക്കപ്പെട്ട വില്ലനാണ് എന്‍എഫ് വര്‍ഗീസിന്റെ ‘വിശ്വനാഥന്‍’ എന്ന കഥാപാത്രം. ‘ഇത് കൊച്ചിയാണ്. വിശ്വനാഥന്റെ കൊച്ചി’യെന്ന ഒരു ഡയലോഗ് അദ്ദേഹം പറയുന്നുണ്ട്. ഇനി അങ്ങനെയൊരു വാചകം എഴുതാനോ നാമകരണം ചെയ്യാനോ കഴിയില്ല. മലയാളിയുടെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. അങ്ങനെയെങ്കില്‍ ‘പൊന്മേനി ഉരുകുതേ’ എന്നവര്‍ക്ക് പാടാന്‍ സാധിക്കുമോ?. ഭക്തിഗാനം മാത്രം പാടണമെന്ന് പറയാന്‍ സാധിക്കുമോ?’ എന്നും ബി ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു.




