യുകെയും കാനഡയും എല്ലാം മതിയായി, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട പഠനകേന്ദ്രങ്ങളായി ഈ രാജ്യങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍, പരമ്പരാഗത രാജ്യങ്ങള്‍ക്ക് പുറമെ ജര്‍മ്മനി, റഷ്യ, ഉസ്ബെക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നു. ഇന്ത്യയുടെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ കണക്കനുസരിച്ച്, 2024-ല്‍ ഏകദേശം 7.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയത്. കണക്കുകള്‍ പ്രകാരം, അമേരിക്ക ഇപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റവും ഇഷ്ടപ്പെട്ട പഠനകേന്ദ്രമായി തുടരുന്നു. കഴിഞ്ഞ വര്‍ഷം 2.04 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലേക്ക് പോയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെങ്കിലും, 2023-നെ അപേക്ഷിച്ച് ഇത് 13% കുറവാണ്. യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും 2024-ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായി.




