അസുരൻകുണ്ട് ഡാമിലെ ജലനിരപ്പ് ഉയരുന്നു, രണ്ടാം മുന്നറിയിപ്പ് നൽകി; പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൃശൂർ: മൈനര്‍ ഇറിഗേഷന്‍ ചേലക്കര സെക്ഷന്റെ അധീനതയിലുള്ള അസുരന്‍കുണ്ട് ഡാം റിസര്‍വോയറിന്റെ ജലനിരപ്പ് 8.60 മീറ്ററില്‍ എത്തിയതിനാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 8.80 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുറത്തേക്ക് ഒഴുക്കും. ഇതുമൂലം ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുതുപ്പാലം, കൂളിത്തോട് എന്നീ തോടുകളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഴാനി ഡാമിന്റെ സ്ളൂയിസ് ഷട്ടർ 23 ന് തുറക്കും
വാഴാനി ഡാമിൽ റൂൾ കർവ് പാലിക്കുന്നതിനായി ജൂൺ 23ന് രാവിലെ 11 മുതൽ സ്ലൂയിസ് ഷട്ടർ ഉയർത്തി പരിമിതമായ അളവിൽ വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്നുവിടുമെന്ന് അസി. എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു. വെള്ളം ഒഴുക്കുമ്പോൾ വടക്കാഞ്ചേരി, കേച്ചേരി, മൂക്കൊല പുഴകളിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം.




