‘അമേരിക്കയെ ഇനി എങ്ങനെ വിശ്വസിക്കുമെന്ന് ഞങ്ങൾക്കറിയില്ല’; ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ സമാധാന ചർച്ചകൾക്കായി യുഎസിനെ ഇനി എങ്ങനെ വിശ്വസിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ട്രംപിന്റെ അത്തരം ചർച്ചകളെല്ലാം ഇസ്രയേലി ആക്രമണങ്ങളെ മറച്ചുപിടിക്കാനാണെന്നും മന്ത്രി പ്രതികരിച്ചു. അമേരിക്കയുടെ ഇസ്രയേൽ അനുകൂല നിലപാടിനെയും ഇറാനെതിരായ നിലപാടിനെയും ‘നയതന്ത്രപരമായ ചതി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആക്രമണം അവസാനിപ്പിച്ച് സമാധാന ചർച്ചയ്ക്കുള്ള നിശ്ചയദാർഢ്യം അമേരിക്ക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്ക് വേൾഡ് പരിപാടികൾക്കായി തുർക്കിയിലാണ് അബ്ബാസ് അരാഗ്ചി ഇപ്പോഴുള്ളത്. തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദൊഗാനുമായും അരാഗ്ചി കൂടിക്കാഴ്ച നടത്തും. കൂടാതെ കൂട്ടായ്മയിലെ രാജ്യങ്ങൾ ഉൾപ്പെട്ട പൊതുചർച്ചയിൽ ഇറാനെതിരായ ആക്രമണങ്ങളും ചർച്ചയാകും.




