Uncategorized

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്; നീതി തേടി കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ട നീതു

തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ദുരനുഭവം നേരിട്ട എം എസ് നീതു.‌ ‘ശസ്ത്രക്രിയയ്ക്ക് ശേഷം 24 മണിക്കൂർ നിരീക്ഷണത്തിൽ പോലും വെക്കാതെ വീട്ടിലേക്ക് പറഞ്ഞ് വിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ച സമയം താൻ ഛർദ്ദിക്കുകയും ഇത് ഉടനെ ആശുപത്രി അധികൃതരെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഞായറാഴ്ച ആയതിനാൽ ഇന്ന് ആശുപത്രി ഇല്ലെന്നായിരുന്നു അവിടെ നിന്ന് അവർ പറഞ്ഞത്. ഭക്ഷണം നന്നായി കഴിച്ച ശേഷം ഉറങ്ങിയാൽ മതി, ക്ഷീണം മാറുമെന്നായിരുന്നു ആശുപത്രിയിൽ നിന്ന് പറഞ്ഞത്. എന്നാൽ ക്ഷീണം കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ കാണിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ശസ്ത്രക്രിയയുടെ ക്ഷീണം ആണെന്നും അവർ പറഞ്ഞു. ഇത്തരം ശസ്ത്രക്രിയ കഴിയുമ്പോൾ ബിപിയിൽ വ്യത്യാസം വരുന്നതാണെന്നും നന്നായി നിരീക്ഷിക്കാനുമായിരുന്നു ആശുപത്രിയിൽ നിന്ന് ലഭിച്ച നിർദേശം. എന്നാൽ വൈകിട്ട് ആയപ്പോഴേക്കും ശാരീരിക ബുദ്ധിമുട്ടുകൾ കൂടുകയായിരുന്നു. പിന്നീട് പിറ്റേ ദിവസം ആയപ്പോൾ ഞങ്ങൾ വീണ്ടും ആശുപത്രിയിൽ പോയി. അവിടെ ചെന്നപ്പോൾ ഒരു ട്രിപ്പ് ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്നാണ് അവർ പറഞ്ഞത്. ശേഷം ട്രിപ്പ് കേറ്റിയിട്ടും ക്ഷീണത്തിന് യാതൊരു മാറ്റവും തോന്നിയില്ല. പിന്നീട് ഉച്ചയോടെ എന്റെ ശരീരത്തിൽ ബ്ലഡ് കയറ്റണമെന്നും അപ്പോൾ ക്ഷീണം മാറുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പിന്നീട് തന്റെ ഭർത്താവ് രക്തദാതാവിനെ കണ്ടെത്തി ശരീരത്തിൽ രക്തം കയറ്റിയിട്ടും ക്ഷീണത്തിന് യാതൊരു കുറവും ഉണ്ടായില്ല. തുടർന്ന് ആരോഗ്യാവസ്ഥ തീരെ മോശമാകാൻ തുടങ്ങിയതോടെ വിദഗ്ധ ചികിത്സയ്ക്കായി തന്നെ രാത്രി എട്ട് മണിക്ക് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ആശുപത്രിയിലേക്ക് എത്തുന്ന ആ സമയത്ത് എനിക്ക് ഹൃദയാതം ഉണ്ടാവുകയായിരുന്നു’- നീതു പറഞ്ഞു.

അതേസമയം തനിക്ക് ശസ്ത്രക്രിയയ്ക്കും മറ്റ് ആശുപത്രി ചെലവുകൾക്കുമായി 30 ലക്ഷം ആണ് ആകെ ചെലവായത് എന്നും നീതു വ്യക്തമാക്കി. കൃത്യസമയത്ത് തന്നെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഈ ഒരു അവസ്ഥ വരില്ലായിരുന്നുവെന്നും അതിനാൽ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് തന്റെ ആവശ്യമെന്നും നീതു പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 22 നാണ് കഴക്കൂട്ടം കോസ്മെറ്റിക് ഹോസ്പിറ്റലില്‍ നീതു കൊഴുപ്പ് നീക്കൽ ശസ്ത്രിക്രിയ നടത്തിയത്. ആശുപത്രിയിലെ ഗുരുതര പിഴവിനെ തുടർന്ന് നീതുവിന് നഷ്ടപ്പെട്ടത് ഒമ്പത് വിരലുകളായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button