Uncategorized

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക പങ്കുചേരണമോ എന്നതിൽ തീരുമാനം രണ്ടാഴ്ചയ്ക്കകം: നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പങ്കുചേരണമോ എന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് വൈറ്റ്ഹൗസിൻ്റെ പ്രതികരണം. വിഷയത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുമാനമെടുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ച ശ്രമിക്കുമെന്നും അതിന് ശേഷം മാത്രം ഇറാനെതിരെ ആക്രമണം നടത്തണമോ എന്നതിൽ തീരുമാനം എടുക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക ഇസ്രയേലിനൊപ്പം സംഘർഷത്തിൽ പങ്കുചേരുന്നതിനെതിരെ നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തിൽ പങ്കാളിയായാൽ പ്രദേശത്തെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ച് വിടുമെന്ന് ഇറാനെ പിന്തുണയ്ക്കുന്ന ഇറാഖിൻ്റെ സായുധപോരാളികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ ഇറാനിലെ എല്ലാ ആണവ സംവിധാനങ്ങളെയും ആക്രമിക്കാൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യം വെയ്ക്കുമോ എന്ന ചോദ്യത്തിന് ഇറാനിൽ ആരെയും പ്രത്യേകം ഒഴിവാക്കിയിട്ടില്ല എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം.

ഇറാനുമായുളള യുദ്ധത്തിൽ ഇടപെടണോ എന്ന തീരുമാനം എടുക്കേണ്ടത് ഡോണൾഡ് ട്രംപാണെന്നും ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. അമേരിക്കയ്ക്ക് നല്ലത് എന്താണോ അത് ട്രംപ് ചെയ്യുമെന്നും ഇസ്രയേലിന് നല്ലത് താൻ ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി. ‘ഈ ഓപ്പറേഷന്റെ അന്ത്യത്തിൽ ഇസ്രയേലിന് നേരെ ആണവ ഭീഷണിയുണ്ടാകില്ല. ബാലിസ്റ്റിക് ഭീഷണിയും ഉണ്ടാകില്ല. യുദ്ധത്തിൽ എല്ലാവർക്കും വ്യക്തിപരമായ നഷ്ടങ്ങളുണ്ടാകുന്നുണ്ട്. എനിക്കും ഈ യുദ്ധം മൂലം നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എൻ്റെ മകന്റെ വിവാഹം റദ്ദാക്കേണ്ടി വന്നു’ എന്നും നെതന്യാഹു പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button