Uncategorized

നിലമ്പൂർ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്; ആര് വാഴുമെന്നറിയാൻ ഇനി രണ്ട് നാൾ

നിലമ്പൂര്‍: ദിവസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ നിലമ്പൂരുകാര്‍ നിലമ്പൂരിന്റെ വിധിയെഴുതി. കനത്ത മഴയെ വകവെയ്ക്കാതെ ആളുകള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തുകളിലേയ്ക്ക് ഒഴുകിയെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരം അനുസരിച്ച് 73.26 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2021 ല്‍ ഇത് 75.23 ശതമാനമായിരുന്നു. നിലമ്പൂരില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ ഇനി രണ്ട്
നാള്‍ കാത്തിരിക്കണം. ജൂണ്‍ 23നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍ നടക്കുക.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലായിരുന്നു വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ട് ചെയ്തത്. അതിനിടെ പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെയെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ ആലിംഗനം ചെയ്യാനെത്തിയതും അദ്ദേഹം തിരിഞ്ഞുനടന്നതും തെരഞ്ഞെടുപ്പിലെ ശ്രദ്ധേയ കാഴ്ചയായി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ ഭാര്യയും മകളും വോട്ട് രേഖപ്പെടുത്തി. എടക്കര ജിഎച്ച്എസ്എസ് സ്‌കൂളിലായിരുന്നു ഇരുവരും വോട്ട് ചെയ്യാനെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ എത്താത്തതില്‍ പരാതിയില്ലെന്നും മരണം വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുമെന്നും അവര്‍ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button