Uncategorized

ജൂൺ 19 വായനാദിനം

കേരളത്തെ വായിക്കുവാൻ പഠിപ്പിക്കുകയും ചിന്തിച്ച് വിവേകം നേടാൻ ആഹ്വാനം ചെയ്യുകയും ചെയ്ത പി എൻ പണിക്കരുടെ ഓർമ്മദിനം അദ്ദേഹത്തിന്റെ കർമ്മമണ്ഡലവുമായി ചേർത്തുവച്ച് ആചരിക്കുവാൻ തുടങ്ങിട്ട് 30 വർഷമാകുന്നു. ജൂൺ 19 വായനാദിനം കേരളത്തിന്റെ ഭൂപടം വിട്ട് ദേശീയ വായനാദിനമായിരിക്കുന്നു.
പി.എൻ പണിക്കരുടെ ജന്മദിനമായ ഇന്നുമുതൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആദ്യ സെക്രട്ടറി ഐവിദാസിൻ്റെ ജന്മദിനമായ ജൂലൈ ഏഴു വരെ നീണ്ടുനിൽക്കുന്നതാണ് സംസ്ഥാനത്ത് വായന പക്ഷാചരണം.

കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ സനാതന ധർമ്മം വായനശാല ആരംഭിച്ചാണ് പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.കേരളത്തിലുടനീളം സഞ്ചരിച്ച് വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന് ഇദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം തിരുവിതാംകൂറിലേയും കൊച്ചിയിലേയും ഗന്ഥശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഗ്രന്ഥശാലാ സംഘത്തിന്റെ നായകനും കാൻ ഫെഡിന്റെ സ്ഥാപകനുമായിരുന്ന പണിക്കരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രററി ആക്ട്.

വായന മരിക്കുന്നു എന്ന് പലരും പറയാറുണ്ട്. യഥാർത്ഥത്തിൽ വായന മരിക്കുന്നില്ല , വായനയുടെ രീതികളും രൂപങ്ങളും മാറിയെന്നു മാത്രം.
ഫെയ്സ് ബുക്കും വാട്ട് സാപ്പും ട്വിറ്ററും ഇൻസ്റ്റഗ്രാമും യു ട്യൂബും ടാബുകളും ഒക്കെ യടങ്ങുന്ന കേരളീയ സൈബർ ലോകം വായനയുടേയും ചർച്ചകളുടേയും പുതിയ ലോകം സൃഷ്ടിക്കുകയാണ്.
അച്ചടി മാധ്യമങ്ങളിൽ നിന്ന് ഡിജിറ്റൽ മാധ്യമങ്ങളിലേക്കുള്ള മാറ്റം വായനയുടെ ലോകത്ത് കൂടുതൽ ആളുകളെ എത്തിക്കാനായി. വായനക്ക് ചെലവ് കുറവാണെന്നതും വേഗം കൂടുതലാണെന്നതും ഇ വായനയുടെ പ്രത്യേകതയാണ്.
നമുക്ക് അന്യമായ ഭൂമി കളിലേക്ക്, ലോകങ്ങളിലൂടെ സംസ്കാരങ്ങളിലേക്ക്, മനുഷ്യരിലേക്ക് തുറന്നു വയ്ക്കുന്ന വാതായനമാണ് വായന. ആ അർത്ഥത്തിൽ ദേശകാലങ്ങൾക്കും ഭാവഭേദങ്ങൾക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന അനുഭൂതിയാണ് വായന.
വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്. അതു കൊണ്ട് തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യൻ്റെ മാനസിക വളർച്ചക്ക് ഏറ്റവും അനിവാര്യം.

വായന ചിലര്‍ക്കൊരു വിനോദമാണ്. ചിലര്‍ക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവര്‍ക്ക് ഭാവനയുടെ അതിരുകള്‍ തകര്‍ത്ത് വിസ്മയങ്ങളുടെ ലോകത്തേക്ക് പറക്കാനുള്ള ചിറക് മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യ മനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസ്സുകൊണ്ടു പറന്നു തീര്‍ക്കാനുള്ള അത്ഭുത സൂത്രമാണ് വായന. വായന പല തരത്തിലുണ്ട്. പുസ്തകങ്ങള്‍ വായിക്കുന്നതുപോലെ തന്‍റെ ചുറ്റുപാടുകളും വായിക്കാം, പ്രകൃതിയെ വായിക്കാം, നല്ല മനുഷ്യരെ വായിക്കാം.വായനാ ശീലം ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയില്ലെങ്കില്‍ അതു പിന്നെ പരിശീലിക്കുക ബുദ്ധിമുട്ടാണ്. പാഠപുസ്തകങ്ങളൊഴിച്ച് മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ ദിവസേന ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണം.അങ്ങിനെയെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ നല്ല ശീലം നിങ്ങളെ പിന്‍തുടരും.

മനസിന്‍റെ ആരോഗ്യത്തിനും ബുദ്ധിയുടെ വികാസത്തിനും ഹൃദയത്തിന്‍റെ നൈര്‍മ്മല്യത്തിനും സഹായിക്കുന്ന, അറിവിന്‍റെ വിശാലതയും ആഴവും കൂട്ടുന്ന, ധര്‍മ്മ ബോധം ഉണര്‍ത്തുന്ന, നമ്മെ കര്‍മ്മോന്മുഖരാക്കുന്ന പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കണം. നോവലുകളും കവിതകളും ചെറുകഥകളും നമ്മുടെ ഭാഷാപരമായ കഴിവുകളെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ധാര്‍മ്മിക ചിന്തയുണര്‍ത്തി, കാര്യങ്ങളെ വിവേചിച്ചറിഞ്ഞ് നല്ല മനുഷ്യരാകാന്‍ സഹായിക്കും.നല്ല ജീവചരിത്ര ഗ്രന്ഥങ്ങള്‍ നമ്മെ നേര്‍വഴി കാണിക്കും. പുരാണകഥകള്‍ സത്യം, ധൈര്യം, നീതിബോധം എന്നി ഗുണങ്ങളുണ്ടാക്കും.ചരിത്ര പുസ്തകങ്ങള്‍ ഓരോ നാടിന്‍റെയും സംസ്‌കാരവും നേട്ടവും തിരിച്ചറിയുന്നതിനും നമ്മുടെ പുരോഗതിക്ക് തടസം നില്‍ക്കുന്ന കാര്യങ്ങളെ വിവേചിച്ചറിയാനും സഹായിക്കും. ഭൂമിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും അറിയാന്‍ ഭൂമിശാസ്ത്രം സഹായിക്കും. അധ്യാപകരോടും രക്ഷിതാക്കളോടും വായനാശീലമുള്ള മുതിര്‍ന്നവരോടും ഇത്തരം നല്ല പുസ്തകങ്ങള്‍ ഏതെന്നു ചോദിച്ച് മനസിലാക്കാവുന്നതേയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button