Uncategorized

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം അക്കരെ സന്നിധിയിൽ നടന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം അക്കരെ സന്നിധിയിൽ നടന്നു. രാത്രി കൊട്ടേരി കാവിൽ നിന്ന് മുത്തപ്പൻ ദൈവം വന്ന് ദക്ഷിണ വാങ്ങി മടങ്ങിയതിന് ശേഷമാണ് പെരുമാൾക്ക് ഇളനീരഭിഷേകം നടത്തിയത്. രാത്രി കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തി.

പാലക്കീഴിൽ നിന്ന് ദൈവത്തിനൊപ്പം ഓടിയെത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കൈയാലയിൽ കയറി തീണ്ടി കൈയിൽ കിട്ടിയതൊക്കെ എടുത്തു കൊണ്ടുപോയി. ഇവർക്ക് മുന്നിലായി തിരുവൻചിറ കടന്ന് കിഴക്കേ തിരുനടയിൽ എത്തിയ ദൈവം ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിച്ച വാൾ വണങ്ങി. അരിയും കളഭവും ദക്ഷിണയായി സ്വീകരിച്ച് മടങ്ങി. ശേഷം രാശി വിളിച്ച് പെരുമാൾക്ക് ഇളനീരാട്ടം ആരംഭിച്ചു.
ഉഷകാമ്പ്രം സ്ഥാനികന്റെ കാർമ്മികത്വത്തിലാണ് ഇളനീരാട്ടം നടത്തിയത്.ജലം ശേഖരിച്ചതിന് ശേഷമുള്ള ഇളനീരുകൾ ഭക്തർക്ക് പ്രസാദമായി നൽകി.കിഴക്കേ നടയിൽ തിരുവൻചിറയിൽ സമർപ്പിക്കപ്പെട്ട ഇളനീർ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലാണ് അഭിഷേകത്തിനു വേണ്ടി ചെത്തിയൊരുക്കിയത്.മുഖം ചെത്തി ഇളനീർ മണിത്തറയിൽ കൂട്ടിയിട്ടു.ഈ ഇളനീർ രാത്രിയിൽ ശ്രീകോവിലിന് ഉള്ളിലേക്ക് മാറ്റി. ഇവിടെ നിന്നെടുത്താണ് അഭിഷേകം നടത്തിയത്.ഇളനീർ കൊത്തി ജലം സ്വർണം, വെള്ളി പാത്രങ്ങളിൽ നിറച്ച് മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ സമർപ്പിച്ചതോടെ 45 ദിവസം ഭക്തർ നോറ്റ കഠിനവ്രതം പരിസമാപ്തിയിലെത്തുകയായി.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button