Uncategorized

ചെന്നൈ മെട്രോ രണ്ടാം ഘട്ടം: ഡ്രൈവർരഹിത ട്രെയിൻ കുതിക്കുക 90 കി.മീറ്റർ വേഗതയിൽ, ആദ്യ സർവീസ് ഡിസംബറിൽ

ചെന്നൈ: ഐടി നഗരമായ ചെന്നൈയുടെ ഗതാഗത സംവിധാനത്തിന് കരുത്ത് പകരുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് ചെറുതല്ല. നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് മെട്രോ സംവിധാനം വ്യാപിപ്പിക്കുന്നതിനായി രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്.118.9 കിലോമീറ്റർ ദൈർഘ്യത്തിലാണ് ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നത്. 2027 ഓടെ രണ്ടാം ഘട്ടം പൂർണമാകുമെന്നാണ് വിലയിരുത്തൽ.

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടം മൂന്ന് ഇടനാഴികൾ ഉൾപ്പെടുന്നതാണ്. മാധവാരം മുതൽ സിപ്കൊട്ട് വരെയുള്ള ഇടനാഴിയും ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള മറ്റൊരു ഇടനാഴിയും മാധവാരം മുതൽ ഷോലിംഗനല്ലൂർ വരെയുള്ള ഇടനാഴിയും ഉൾപ്പെടുന്നതാണ് പദ്ധതി. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിൽ ആകെ 128 സ്റ്റേഷനുകൾ ഉൾപ്പെടും. 63,246 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതി പൂർത്തിയാകുമ്പോൾ ചെന്നൈ മെട്രോയുടെ ആകെ ദൈർഘ്യം 173 കിലോമീറ്ററായി തീരും.

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിൽ ഡ്രൈവർരഹിത ട്രെയിൻ സർവീസ് നടത്തുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വരുന്ന ഡിസംബറിൽ മെട്രോയുടെ പ്രവർത്തനം ഭാഗികമായി ആരംഭിച്ചേക്കും. ഈ സാഹചര്യത്തിൽ ഡ്രൈവർരഹിത മെട്രോ ട്രെയിനുകളിൽ ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ സുരക്ഷാ പരിശോധനകൾ നടത്തും. വിദഗ്ധസംഘം ജൂലൈ അവസാനത്തോടെ പരിശോധനകൾ നടത്തുമെന്ന് ചെന്നൈ മെട്രോ ലിമിറ്റഡ് (സിഎംആർഎൽ) ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങൾ, യാത്രയുടെ നിലവാരം, ട്രെയിനിലെ സൗകര്യങ്ങൾ, ബ്രേക്കിങ് സംവിധാനം, സാങ്കേതിക സവിശേഷതകൾ, അലൈൻമെൻ്റ് എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാകും.

റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ പരിശോധനകൾക്ക് എത്തുന്നതിന് മുൻപ് തന്നെ ഡ്രൈവർരഹിത ട്രെയിനുകളെ സംബന്ധിച്ച വിശദവിവരങ്ങൾ സിഎംആർഎൽ അയച്ചുനൽകും. പൂനമല്ലിക്കും പോരൂരിനും ഇടയിൽ വിദഗ്ധ സംഘം പരിശോധനകൾ നടത്തും.

വ്യത്യസ്ത വേഗതയിൽ ട്രെയിനിൻ്റെ പ്രവർത്തനം മനസ്സിലാക്കുന്നതിനുള്ള ഓസിലേഷൻ പരിശോധന നടത്തും. യാത്രക്കാരുടേതിന് തുല്യമായി ഭാരം ക്രമീകരിച്ചും അല്ലാതെയും ഒന്നിലധികം പരീക്ഷണയോട്ടങ്ങൾ നടത്തും. ഡ്രൈവർരഹിത ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററായിരിക്കും. ജൂലൈ അവസാനത്തോടെയാകും പരീക്ഷണയോട്ടങ്ങൾ ആരംഭിക്കുക. ഒരാഴ്ചയോളം പരീക്ഷണം നീണ്ടുനിൽക്കും. പരീക്ഷണങ്ങളെല്ലാം വിജയിച്ചാൽ റൂട്ടിൽ ട്രെയിൻ സർവീസ് നടത്താൻ അനുവാദം നൽകുന്ന സ്പീഡ് സർട്ടിഫിക്കേഷൻ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ നൽകും. ഈ അനുമതി ലഭിച്ചാൽ മാത്രമാകും മറ്റ് അംഗീകാരങ്ങൾ വേഗത്തിൽ ലഭ്യമാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button