കൊച്ചി ടസ്‌ക്കേഴ്‌സിന് BCCI 538 കോടി നൽകണം; എന്തിന്?

ഐപിഎൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവെച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഈ നിർദേശം. ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ബിസിസിഐ നൽകിയ അപ്പീലും ബോംബെ ഹൈക്കോടതി തള്ളി. ആർബിട്രേറ്ററുടെ തീരുമാനത്തിൽ കോടതിക്ക് അപ്പീൽ അതോറിറ്റിയായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ആർഐ ചാഗ്ല ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്‍ കളിക്കാന്‍ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിന് പിന്നാലെയാണ് വിഷയം തര്‍ക്ക പരിഹാര കോടതിയിലെത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് ഇതിന് മുമ്പും വിവിധ കോടതികളിൽ നിന്ന് തിരിച്ചടികൾ നേരിട്ടിരുന്നു. അതിന്റെ തുടർച്ചയാണ് ബോംബെ ഹൈക്കോടതിയുടെ ഈ നിരീക്ഷണവും. ഐപിഎല്ലിൽ ഒരു സീസൺ മാത്രം കളിച്ച ടീമിനെ കരാര്‍ ലംഘനം ആരോപിച്ചാണ് 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയത്.
ബിസിസിഐയുടെ ഈ തീരുമാനത്തിനെതിരെ ചില ബോര്‍ഡംഗങ്ങൾ അന്ന് തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം.
ഐപിഎല്‍ പ്രവേശനത്തിന് ടസ്‌കേഴ്‌സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ആറ് മാസത്തിനുള്ളില്‍ പുതിയ ഗാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ, കരാര്‍ ലംഘനത്തിന്റെ പേരില്‍ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കുകയായിരുന്നു.
തുടർന്ന് ആർബിട്രൽ ട്രൈബ്യൂണലിൽ 2012 ൽ ബിസിസിഐയും കൊച്ചി ടസ്‌കേഴ്‌സ് മാനേജ്‌മെന്റും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ ആരംഭിച്ചു.റെൻഡെസ്വസ് സ്പോർട്സ് വേൾഡ് (ആർഎസ്ഡബ്ല്യു), ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് (കെസിപിഎൽ) എന്നിങ്ങനെ രണ്ട് കക്ഷികളാണ് കൊച്ചി ടസ്‌കേഴ്‌സ് മാനേജ്‌മെന്റിൽ ഉണ്ടായിരുന്നത്.
2015 ൽ കെസിപിഎല്ലിന് 384 കോടി രൂപയും ആർഎസ്ഡബ്ല്യുവിന് 153 കോടി രൂപയും നൽകാൻ ആർബിട്രലിന്റെ ഉത്തരവ് വന്നെങ്കിലും ബിസിസിഐ അത് അംഗീകരിക്കാൻ തയ്യാറായില്ല. വിധിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയിലെത്തിയ ബിസിസിഐയ്ക്ക് അനുകൂല വിധി ഉണ്ടായില്ലെന്ന് മാത്രമല്ല, 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ വിധിയെ ഹൈക്കോടതി പിന്തുണയ്ക്കുകയും ചെയ്തു. ഏതായാലും ബിസിസിഐയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടി തന്നെയാണ്.




