വി വി പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഷൗക്കത്തിന് നേരമില്ലത്രേ…ഭയം കാണും: വി വസീഫ്

മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ്. വി വി പ്രകാശിന്റെ വീടിന്റെ പടി ചവിട്ടാന്‍ ഷൗക്കത്തിന് ഭയം കാണുമെന്നും കുടുംബത്തിന്റെ മുഖത്ത് നോക്കാന്‍ ജാള്യത കാണുമെന്നും വസീഫ് കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നിലമ്പൂരില്‍ നിന്നും പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ഷൗക്കത്ത് മണ്ഡലത്തിലുള്ള വി വി പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തത് ചൂണ്ടികാട്ടിയാണ് പ്രതികരണം. ഗ്രൂപ്പ് സമവാക്യത്തില്‍ സ്വീകാര്യനല്ലാത്ത പ്രകാശിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ ഹൃദയവേദനയിലാണ് നെഞ്ചുപൊട്ടി അദ്ദേഹം മരിച്ചതെന്ന് ഓരോ നിലമ്പൂരുകാരനും അറിയാമെന്നും വസീഫ് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 247 കിലോമീറ്റര്‍ സഞ്ചരിച്ചു പുതുപ്പള്ളിയില്‍ പോയി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ഷൗക്കത്തിന് മണ്ഡലത്തിന് അകത്തുള്ള തന്റെ മുന്‍ഗാമിയും സഹപ്രവര്‍ത്തകനും ആയിരുന്ന അന്തരിച്ച വി വി പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ നേരമില്ലത്രേ..ജീവിച്ചിരുന്ന പ്രകാശനെക്കാള്‍ ശക്തനാണ് മരിച്ച പ്രകാശനെന്നും നിലമ്പൂരുകാരുടെ മനസ്സില്‍ എരിയുന്ന ഓര്‍മയായി കെടാത്ത തീയായി പടര്‍ന്നു കൊണ്ടിരിക്കും അച്ഛന്റെ ഓര്‍മ്മകള്‍ എന്നും തിരഞ്ഞെടുപ്പ് വേളയില്‍ കുറിപ്പെഴുതിയ വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ് ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമാണ്. ഗ്രൂപ്പ് സമവാക്യത്തില്‍ സ്വീകാര്യനല്ലാത്ത പ്രകാശിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ ഹൃദയവേദനയിലാണ് നെഞ്ചുപൊട്ടി അദ്ദേഹം മരിച്ചതെന്ന് ഓരോ നിലമ്പൂരുകാരനും അറിയാം. അതുകൊണ്ടു തന്നെ ആ വീടിന്റെ പടി ചവിട്ടാന്‍ ഷൗക്കത്തിന് ഭയം കാണും. ആ അമ്മയുടെയും മക്കളുടെയും മുഖത്ത് നോക്കാന്‍ ജാള്യതയും ഉണ്ടാകും’ എന്നാണ് വി വസീഫിന്റെ പ്രതികരണം.




