Uncategorized

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു തുടങ്ങി

തെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ശക്തമായതോടെ ഇറാനിലുളള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇറാനില്‍ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരില്‍ ആറായിരം പേര്‍ വിദ്യാര്‍ത്ഥികളാണ് എന്നുമാണ് വിവരം. തെഹ്‌റാനില്‍ നിന്ന് 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഖോമിലേക്ക് മാറ്റി. ഉര്‍മിയയില്‍ നിന്നുളള 110 വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തി. അവരെ വ്യോമ മാര്‍ഗം ഒഴിപ്പിക്കാനാണ് സാധ്യത. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയയുമായി സംസാരിച്ചിരുന്നു. ഷിറാസില്‍ നിന്നും ഇസ്ഫഹാനില്‍ നിന്നുമുളള വിദ്യാര്‍ത്ഥികളെ യാസ്ദിലേക്ക് മാറ്റുന്നുണ്ടെന്നാണ് വിവരം.

തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് അറിയിച്ചു. ഇറാനിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്- വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാത്തരം വിസകള്‍ ഉളളവരും ഉടന്‍ തന്നെ തെഹ്റാനില്‍ നിന്ന് മാറണമെന്ന് കേന്ദ്രസര്‍ക്കാർ കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു. സുരക്ഷാകേന്ദ്രങ്ങളിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ ഇറാന്റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാനാണ് ആലോചന. ഇവരെ അര്‍മേനിയയിലേക്കോ അസര്‍ബൈജാനിലേക്കോ മാറ്റാനും തുടര്‍ന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമാണ് സാധ്യത. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇറാനിലെ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനുളള സുരക്ഷ ഒരുക്കാമെന്ന് ഇറാന്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button