Uncategorized

തുരുമ്പെടുത്ത പാലത്തിലേക്ക് നിരവധിപേര്‍ ഒന്നിച്ചെത്തിയതാണ് അപകടകാരണം; അജിത് പവാര്‍

മുംബൈ: ഇന്ദ്രായനി നദിക്ക് കുറുകെയുളള ഇരുമ്പുപാലം തകര്‍ന്ന് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. തുരുമ്പെടുത്ത പാലത്തിലേക്ക് നിരവധി ആളുകള്‍ ഒരുമിച്ചെത്തിയതാണ് അപകട കാരണമെന്ന് അജിത് പവാര്‍ പറഞ്ഞു. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഇത് നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. പ്രാഥമിക വിവരം അനുസരിച്ച് വര്‍ഷങ്ങള്‍ പഴക്കമുളള തുരുമ്പെടുത്ത പാലമാണത്.പാലം തകര്‍ന്നുവീണ സമയത്ത് നിരവധിപേര്‍ അതിനുമുകളില്‍ ഉണ്ടായിരുന്നു. ‘-അജിത് പവാര്‍ പറഞ്ഞു. നദിക്കു കുറുകെ പുതിയ പാലം നിര്‍മ്മിക്കാനുളള പദ്ധതിക്ക് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

പാലം തകര്‍ന്ന് നദിയിലേക്ക് വീണ 38 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നും അവരില്‍ 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൂനെ ജില്ലാ കളക്ടര്‍ ജിതേന്ദ്ര ദുഡി പറഞ്ഞു. ഒഴുക്കില്‍പ്പെട്ട് എത്ര പേരെ കാണാതായിട്ടുണ്ട് എന്നതു സംബന്ധിച്ച് കണക്കെടുക്കുകയാണെന്നും ഇവര്‍ക്കായുളള തിരച്ചില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൂനെ റൂറല്‍ പൊലീസ്, ഫയര്‍ ബ്രിഗേഡ്, ദേശീയ ദുരന്ത നിവാരണസേന (എന്‍ഡിആര്‍എഫ്) യൂണിറ്റുകള്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ പതിനഞ്ചിനാണ് പൂനെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുന്ദ്മാലയില്‍ ഇന്ദ്രായനി നദിക്ക് കുറുകെയുളള ഇരുമ്പുപാലം തകര്‍ന്നുവീണത്. വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പാലത്തിന്റെ നടുഭാഗമാണ് തകര്‍ന്നുവീണതെന്നും ജനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ പാലം കുലുങ്ങാന്‍ തുടങ്ങി, എന്നാല്‍ ആരും തന്നെ അവിടെ നിന്നും ഇറങ്ങാന്‍ തയ്യാറായില്ല. അതാണ് അപകടത്തില്‍ കലാശിച്ചത് എന്നുമാണ് അപകടം നടന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന അമോല്‍ ഗൂലെ എന്ന യുവാവ് പറഞ്ഞത്. പാലത്തില്‍ എട്ടോ ഒന്‍പതോ വാഹനങ്ങള്‍ ഉണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ മഹേഷ് മാനെ എന്നയാള്‍ പറഞ്ഞു.

1992-ല്‍ നിര്‍മ്മിച്ച ഇരുമ്പുപാലം ഷേലാര്‍വാഡിയെയും ഇന്‍ഡോറി ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലമായിരുന്നു. പാലം ദുര്‍ബലമാകുന്നത് സംബന്ധിച്ച് നിരവധി വര്‍ഷങ്ങളായി നാട്ടുകാര്‍ ആശങ്ക ഉന്നയിച്ചിരുന്നു. പിഡബ്ല്യുഡിയാണ് പാലം നിര്‍മ്മിച്ചത്. 100 മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതിയുമുളള പാലമാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button