Uncategorized

അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയും 25 ലക്ഷം വീതം അടിയന്തര സഹായം നല്‍കും; ആകെ ധനസഹായമായി 1.25 കോടി രൂപ

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും. കൊല്ലപ്പെട്ടവര്‍ക്കും പരിക്കുകളോടെ രക്ഷപ്പെട്ടയാള്‍ക്കും 25 ലക്ഷം രൂപ വീതം അടിയന്തിരമായി നല്‍കും. ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. ഇതോടെ ആകെ ധനസഹായമായി 1.25 കോടി രൂപ വീതം വിതരണം ചെയ്യും.

ഇതിന് പുറമെ ബിജെ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചിലവും വഹിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നതറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സുതാര്യമായി അത് നിങ്ങളിലേക്ക് എത്തിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു.

അപകടത്തില്‍ 270 പേര്‍ മരിച്ചതായാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇന്ന് ഔദ്യോഗികമായി അറിയിച്ചത്. അപകടം ഉണ്ടായി ആദ്യദിനം തന്നെ എഐബി അന്വേഷണം ആരംഭിച്ചതായും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

അപകടം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നത തല സമിതി രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ / ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പ്രതിനിധി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍, ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍, ഏവിയേഷന്‍ എക്സ്പേര്‍ട്ടുകള്‍, നിയമവിദഗ്ദര്‍ തുടങ്ങിയവരായിരിക്കും ഉന്നത തല സമിതിയിലുണ്ടാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button