ഒരു ധാർഷ്ട്യവും ചോദ്യം ചെയ്യപ്പെടാതെ പോകില്ല ശിക്ഷയില്ലാതെ ഒരു ആക്രമണവും ഉണ്ടാകില്ല: ഇറാനെ പ്രശംസിച്ച് ഹമാസ്

ഗാസ: ഇസ്രയേലിന് തിരിച്ചടി നൽകിയ ഇറാനെ പ്രശംസിച്ച് ഹമാസ് നേതാവ്. അയൺ ഡോമിനെക്കുറിച്ചും ഡേവിഡിന്റെ സ്ലിംഗ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും പ്രചരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നിട്ടും ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വിജയകരമായി ആക്രമണം നടത്തിയെന്ന് മുതിർന്ന ഹമാസ് നേതാവ് ഇസാത്ത് അൽ-റിഷെഖ് പ്രശംസിച്ചു. ശക്തവും നേരിട്ടുള്ളതുമായ ആക്രമണം എന്നായിരുന്നു ഹമാസ് നേതാവ് പ്രതികരിച്ചത്. പ്രാദേശിക പലസ്തീൻ വാർത്താ വെബ്സൈറ്റുകൾ പുറത്ത് വിട്ട് പ്രസ്താവനയിലാണ് ഹമാസ് നേതാവിൻ്റെ പ്രതികരണം.
ഇസ്രയേലിന്റെ അത്യാധുനിക പ്രതിരോധം പരാജയപ്പെട്ടിരിക്കുന്നു. കാലങ്ങളായി പശ്ചിമേഷ്യയിലെ ജനങ്ങൾക്കിടയിൽ ജ്വലിപ്പിച്ച കഷ്ടപ്പാടിൻ്റെ തീയിൽ ഇസ്രായേൽ കഷ്ടപ്പെടുമെന്നും അൽ-റിഷെഖ് പറഞ്ഞു. ഒരു ധാർഷ്ട്യവും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നും ശിക്ഷയില്ലാതെ ഒരു ആക്രമണവും ഉണ്ടാകില്ലെന്നും ഇറാൻ നൽകിയ തിരിച്ചടിയെ സൂചിപ്പിച്ച് ഹമാസ് നേതാവ് വ്യക്തമാക്കി.




