Uncategorized

അഹമ്മദാബാദ് വിമാന ദുരന്തം: ‘അപകടവുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും അന്വേഷിക്കും’; റാം മോഹൻ റായിഡു

ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം ടേക്ക് ഓഫിന് പിന്നാലെ ഇടിച്ചിറങ്ങി ഉണ്ടായ അപകടത്തിൽ 270 പേ‍ർ മരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. അപകടം ഉണ്ടായി ആദ്യദിനം തന്നെ എഐബി അന്വേഷണം ആരംഭിച്ചതായും മന്ത്രി ചൂണ്ടിക്കാണിച്ചു. അപകടത്തെക്കുറിച്ച് വിശദീകരിക്കാൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ഡൽഹിയിൽ നിന്ന് അഹമ്മദാബാദ് വരെ ഒരു കുഴപ്പവും ഇല്ലാതെ വിമാനം പറന്നുവെന്നും അഹമ്മദാബാദിൽ നിന്നുള്ള ടേക് ഓഫിന് ശേഷം പൈലറ്റ് മെയ്ഡേ കോൾ നൽകിയെന്നും മന്ത്രി വ്യക്തമാക്കി. വിമാനത്തിൻ്റെ ബ്ളാക് ബോക്സ് ലഭിച്ചെന്നും അപകടവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല സമിതി തിങ്കളാഴ്ച യോഗം ചേരും. നിലവിലുള്ള ഡ്രീംലൈനർ വിമാനങ്ങളുടെ പ്രവർത്തന ശേഷി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിമാനത്തിന്റെ വാല്‍ഭാഗത്ത് നിന്ന് എയര്‍ ഹോസ്റ്റസിൻ്റെ ശരീരം ലഭിച്ചു. എന്‍എസ്ജിയുടെ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. നിലവില്‍ വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാൻ ഒരുങ്ങിയിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനായി ആഭ്യന്തര ഓഡിറ്റ് നടത്തുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

അതേസമയം, എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാന്‍ കേന്ദ്രസർക്കാർ ഉന്നത തല സമിതി രൂപീകരിച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചു. അപകടത്തിന്റെ കാരണം സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി നല്‍കും. നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ / ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പ്രതിനിധി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍, ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍, ഏവിയേഷന്‍ എക്‌സ്‌പേര്‍ട്ടുകള്‍, നിയമവിദഗ്ദര്‍ തുടങ്ങിയവരായിരിക്കും ഉന്നത തല സമിതിയിലുണ്ടാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button