അഭിനയം നന്നായറിയുന്നവരും തോറ്റുപോവാറുണ്ട്, നിലമ്പൂരിലെ അതിഥി താരങ്ങൾ കുറെക്കൂടി സെലക്ടീവാവണം’; വി വസീഫ്

മലപ്പുറം: നിലമ്പൂരില്‍ കോൺഗ്രസ് നേതാക്കളെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിൽ എംപിയെയും പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. അഭിനയം നന്നായറിയുന്നവരും തോറ്റുപോവാറുണ്ട്, സ്ക്രിപ്റ്റ് മോശമായാൽ. രാത്രിഷോട്ടുകളിലും പെട്ടിസീനുകളിലും നിലമ്പൂരിലെ അതിഥി താരങ്ങൾ കുറെക്കൂടി സെലക്ടീവാവണമെന്നായിരുന്നു വസീഫിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി വസീഫിൻ്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞതിനെ തുടർന്ന് നേരത്തെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഉദ്യോഗസ്ഥരോട് കയർത്തിരുന്നു.
ഇന്നലെ രാത്രിയായിരുന്നു നിലമ്പൂര്‍ വടപുറത്ത് ഷാഫിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പരിശോധിച്ചത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും ഇവര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഷാഫി പറമ്പില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പെട്ടി തുറന്നു പരിശോധിക്കുകയും ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ക്കുകയുമായിരുന്നു.




