Uncategorized

രേഷ്മയുടെ വിവാ​ഹത്തട്ടിപ്പ് കേസ്; ഇത് വരെ വേറെ പരാതികളില്ല,ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ ഇന്ന് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിരുന്നു. ജൂൺ മാസം ആറിന് ആര്യനാട് പഞ്ചായത്തംഗവുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് രേഷ്മയുടെ കല്യാണത്തട്ടിപ്പ് പൊലീസ് പുറത്ത് കൊണ്ടുവന്നത്. വിവാഹത്തിന് തൊട്ടുമുൻപ് രേഷ്മയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നുകയും തുടർന്ന് രേഷ്മയുടെ ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ്തട്ടിപ്പ് പുറം ലോകം അറിയുന്നത്.

വിവാഹത്തട്ടിപ്പിന്റെ തുടക്കം 2014 മുതലാണ്. രേഷ്മയുടെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടർന്നു. 2022-ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ൽ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്‌കാലിക ജോലിക്ക് വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാൺകുഞ്ഞുള്ളത്.

പിന്നീട് ബിഹാറിൽ അധ്യാപികയായി ജോലി നോക്കി. 2024-ൽ കേരളത്തിൽ രേഷ്മ തിരിച്ചെത്തി. ശേഷമാണ് രണ്ടുപേരെ വിവാഹം കഴിച്ചത്. പിന്നീട് മൂന്നുപേരുമായി വിവാഹം നിശ്ചയിച്ചു. യുഎസിൽ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-ന് വിവാഹം കഴിച്ചു. മാർച്ച് ഒന്നിന് വാളകം സ്വദേശിയെ വിവാഹം കഴിച്ചു. ശേഷം കോട്ടയം സ്വദേശിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്നാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചത്. ഇവരെയെല്ലാം രേഷ്മ പരിചയപ്പെട്ടത് മാട്രിമോണിയൽ വൈബ്‌സൈറ്റ്‌ വഴിയാണ്. അങ്ങനെ ഇനിയും നീണ്ട് പോകുന്നുണ്ട് രേഷ്മയുടെ വിവാഹ കഥകൾ.

അതേസമയം രേഷ്മ നടത്തിയ ഈ തട്ടിപ്പിൽ ലക്ഷ്യം പണമായിരുന്നില്ല, സ്നേഹം മാത്രമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വർണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരിൽ നിന്ന്‌ വാങ്ങിയത്. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസം വിളിക്കാനും രേഷ്മ ശ്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതേവരെ കൂടുതൽ പരാതികളൊന്നും എത്തിയിട്ടില്ലെന്നാണ് ആര്യനാട് എസ്എച്ച്ഒ വിഎസ് അജീഷ് അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button